ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന് നല്‍കിയ ഭക്ഷണത്തില്‍ പല്ലിയെ കണ്ടെത്തിയെതായി പരാതി. വ്യാഴാഴ്ച ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് ഉച്ചയ്ക്ക് ഒരു മണിയോടെ യാത്ര തിരിച്ച എ.ഐ 111 വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തിലാണ് പല്ലിയെ കണ്ടെത്തിയത്. പല്ലിയെ കണ്ടെത്തിയ വിവരം അധികൃതരെ അറിയിച്ചപ്പോള്‍ ഭക്ഷണം മാറ്റി നല്‍കാമെന്നായിരുന്നു ജീവനക്കാരുടെ നിര്‍ദ്ദേശം.
എന്നാല്‍ യാത്രക്കാരന് ഇത് സ്വീകാര്യമായില്ല. ഭക്ഷണം മാറ്റി വാങ്ങാന്‍ യാത്രക്കാരന്‍ വിസമ്മതിച്ചതോടെ വിമാനത്തിലുണ്ടായിരുന്ന മറ്റു യാത്രക്കാരും ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചു. ഇവരെ അനുനയിപ്പിക്കാന്‍ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും ഫലമില്ലാതെയായി. തുടര്‍ന്ന് എയര്‍ഇന്ത്യയ്ക്ക് യാത്രക്കാരന്‍ പരാതി നല്‍കുകയായിരുന്നു.
എന്നാല്‍, തങ്ങള്‍ക്ക് ഇത് സംബന്ധിച്ച് യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്ന് എയര്‍ഇന്ത്യ അധികൃതര്‍ പറയുന്നു. വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ പല്ലിയെ കണ്ടെത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അധികൃതര്‍ വിശദീകരിച്ചു.