പരാജയം എന്നൊന്നും ഒന്നിനെയും വിശേഷിപ്പിനാവില്ലെന്നതാണ് എനിക്ക് എന്‍റെ ഈ ചെറിയ ജീവിതത്തില്‍ നിന്ന് പഠിക്കാന്‍ ആയത്, എല്ലാം തുടക്കങ്ങള്‍ അല്ലേ ?

മലയാള സിനിമയുടെ ഏറ്റവും പുതിയ തലമുറയിലേക്ക് ഒരു തിരക്കഥാകൃത്തിനെ കൂടി ലഭിക്കുകയാണ്. അജയന്‍ വേണുഗോപാലനെ പ്രവാസികള്‍ക്കിടയില്‍ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല.  അവരുടെ ഹൃദയം തൊട്ടറിഞ്ഞ എഴുത്തുകാരനാണ് അജയന്‍. അതിന് ഹാസ്യത്തിന്‍റെ മേമ്പൊടി നല്‍കി. അതിനും അപ്പുറം അദ്ദേഹം മലയാള സിനിമയുടെ സ്വത്ത് കൂടി ആവുകയാണ്. ഒരു പക്ഷ സമീപ ഭാവിയില്‍ നമുക്ക് അജയനിലൂടെ ഒരു മികച്ച സംവിധായകനെ കൂടി ലഭിച്ചേക്കാം. അക്കരക്കാഴ്ച്ചയുടെ സംവിധായകനായും തിരക്കഥാകൃത്തായും ആയിട്ടായിരുന്നു അജയന്‍ ആദ്യം അടയാളപ്പെടുത്തിയത്. പിന്നീട് യുകെയിലെയും അമേരിക്കയിലുടെ അയര്‍ലന്‍ഡിലെയും ജീവിതങ്ങളുടെ നേര്‍ക്കാഴ്ച്ചയായ ഇംഗ്ലീഷ് എന്ന ശ്യാമപ്രസാദ് ചിത്രത്തിന്‍റെ തിരക്കഥാ കൃത്തായി. ഇപ്പോഴിതാ  “ഇവിടെ” യിലും എത്തിനില്‍ക്കുന്നു. പാലക്കാട് കാരനായ അജയന്‍ കഴിഞ്ഞ ഒരു ദശകത്തിലേറെയായി അമേരിക്കയിലാണ് താമസം.അജയനുമായി റോസ് മലയാളം നടത്തി അഭിമുഖത്തില്‍ നിന്ന്

അക്കരകാഴ്ച്ചയില്‍ തുടങ്ങി പെനുമ്പ്രയില്‍ നിന്ന് “ഇവിടെ”യില്‍ എത്തിയിരിക്കുന്നു. എങ്ങനെ വിലയിരുത്തുന്നു അജയന്‍ എന്ന തിരക്കഥാകൃത്തിനെയും സംവിധായകനെയും.

ദൃശ്യങ്ങളും സംഗീതവും , സാഹിത്യവും എന്നുവേണ്ട ഒരു മഴവില്‍ നിറങ്ങള്‍ പോലെ പല കലാരൂപങ്ങളും സമ്മേളിക്കുന്ന ഒന്നാണ് സിനിമ. അതുകൊണ്ട് തന്നെയാകാം സിനിമ നമ്മുടെ എല്ലാവരുടെയും ജീവിതത്തിന്‍റെ തന്നെ ഭാഗമാവുന്നത്. ഒരു തിരക്കഥാകൃത്ത് ,സംവിധായകന്‍ എന്നൊന്നും അല്ലാതെ ഒരു സിനിമാ വിദ്യാര്‍ത്ഥി മാത്രമാണ് ഞാന്‍ എന്ന് വിശ്വസിക്കാന്‍ ആണ് എനിക്കിഷ്ടം. 

അക്കരകാഴ്ച്ചയുടെ ഹാസ്യവും പെനുമ്പ്രയിലെ മലയാളിയുടെ രാഷ്ട്രീയ നിരീക്ഷണ ബോധവും (പെരുച്ചാഴിയിലും ഒരു രാഷ്ട്രീയമുണ്ടെന്ന് തോന്നുന്നു) ഇവിടെയില്‍ ത്രില്ലറിലേയ്ക്കും കടക്കുന്നു. അജയനിപ്പോള്‍ ഏത് വിഷയത്തെയും കൈകാര്യം ചെയ്യാമെന്നുള്ള ആത്മവിശ്വാസമുണ്ടോ

ഒരു പ്രത്യേക രീതിയിലുള്ള അതിര്‍വരുമ്പുകള്‍ക്കകത്ത് നില്‍ക്കാതെ എഴുതാന്‍ കഴിയണം എന്നതാണ് എന്‍റെ ആഗ്രഹം. ഈ ചെയ്ത് ചിത്രങ്ങള്‍ എല്ലാം തന്നെ വ്യത്യസ്ത ശൈലിയില്‍ ഉള്ളതായിരുന്നു എന്നത് എന്‍റെ ഭാഗ്യമായി കരുതുന്നു. അക്കരകാഴ്ച്ചകള്‍ ഹാസ്യമായിരുന്നെങ്കില്‍ പിന്നെ ചെയ്ത ഇംഗ്ലീഷ് കുടുംബ ജീവിത്തിന്‍റെ സങ്കീര്‍ണതകള്‍ ഉള്ള ഡ്രാമ ആയിരുന്നു. അതിന് ശേഷം സംഭാഷണമെഴുതിയത് പെരുച്ചാഴിയ്ക്കാണ്. സ്ലാപ് സ്റ്റിക് കോമഡിയില്‍ ഉള്‍പ്പെടുത്താം. ഇവിടെ ഒരു ക്രൈം ഡ്രാമയാണ്. ഇപ്പോള്‍ എഴുതി കൊണ്ടിരിക്കുന്നത് ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായതാണ്. ആത്മവിശ്വാസം ഉണ്ടാവാന്‍ അത് എഴുതി തഴമ്പിക്കുക എന്നതേ പ്രതിവിധിയുള്ളൂ, അത് കൊണ്ട് കഴിയുന്നത്ര എഴുതാന്‍ ശ്രമിക്കുന്നു

പാലക്കാടുകാരനായ അജയന്‍ പ്രവാസിയാകുന്നതും അജയന്‍റെ തന്നെ മുമ്പൊരു അഭിമുഖത്തില്‍ പറഞ്ഞത് പോലെ “സിനിമാപ്രാന്ത്”തുടങ്ങുന്നതും എവിടെ വെച്ചാണ്. കോളേജ് കാലത്തെ ക്ലാസ് കട്ട് ചെയ്തുള്ള സിനിമ കാണാന്‍ പോക്കുകളില്‍ എപ്പോഴെങ്കിലും സനിമയെകുറിച്ച് ഗൗരവമായി ചിന്തിച്ചിരുന്നോ. സിനിമയെ ഗൗരവത്തോടെ പിന്തുടരാന്‍ തുടങ്ങിയത് എങ്ങനെയാണ്.

സിനിമയോട് കുട്ടിക്കാലം മുതലേ താത്പര്യം ഉണ്ടായിരുന്നു. പക്ഷേ അത് ഏത് മേഖലയില്‍ ആവേണ്ടതെന്ന് എനിക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല. ആദ്യം തുടങ്ങുന്നത് ഒരു ഗാനരചയിതാവ് ആകാം എന്ന് ആഗ്രത്തോട് കൂടിയാണ്. അങ്ങനെ ഞാന്‍ തന്നെ എഴുതി കംപോസ് ചെയ്ത് ഒരു ആല്‍ബം ചെയ്തു. സ്പന്ദനങ്ങള്‍, ആ സ്പന്ദനങ്ങള്‍ എന്ന ആല്‍ബം മുഖേനയാണ് ഞാനും അബി വര്‍ഗീസും പരിചയപ്പെടുന്നത് . എല്ലാം ചെറിയ തുടക്കങ്ങളില്‍ നിന്നാണ് എന്നുള്ളത് എന്‍റെ കാര്യത്തില്‍ അക്ഷരം പ്രതിശരിയാണ്.

കുടുംബത്തെക്കുറിച്ച്

ഇവിടെ അമേരിക്കയില്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി താമസം. ഭാര്യ നിഷ, മക്കള്‍ രണ്ട് പേര്‍, നകുല്‍(8) നിള(6). അച്ഛന്‍ അമ്മ നാട്ടില്‍ പാലക്കാട്…

അഞ്ച് എപ്പിസോഡ് പോകുമോ എന്ന സംശയിച്ചു തുടങ്ങിയ അക്കരകാഴ്ച്ച മുന്നോട്ട് കൊണ്ട് പോകുമ്പോള്‍ കഥാപാത്രങ്ങളെ അജയന്‍ എവിടെ നിന്നാണ് സൃഷ്ടിച്ചത്. ഏതെങ്കിലും തരത്തിലുള്ള വ്യക്തികള്‍ അജയനുമുന്നിലുണ്ടായിരുന്നോ.

അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ കഥാപാത്രങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലെന്നതാണ് സത്യം. നമ്മള്‍ എന്നും കാണുന്ന പലരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് തന്നെയാണ് മിക്ക കഥാപാത്രങ്ങളും ഉണ്ടായത്. അപ്പച്ഛന്‍ എന്ന കഥാപാത്രത്തിനും എന്‍റെ അച്ഛന്‍റെ പോലും പല തമാശകളും കടം എടുത്തിട്ടുണ്ട് എന്നതാണ് സത്യം.

ശ്യാമപ്രസാദുമായി പരിചയം തുടങ്ങുന്നത് എങ്ങനെയാണ്.

ഇലക്ട്രയുടെ സ്ക്രീനിങിന്‍റെ ഭാഗം ആയി ശ്രീ. ശ്യമപ്രസാദ് ന്യൂയോര്‍ക്കില്‍ വരികയുണ്ടായി. അന്നാണ് അദ്ദേഹത്തെ നേരിട്ട് പരിചയപ്പെടുന്നത്. പ്രവാസി ജീവിതവും അതിന്‍റെ സങ്കീര്‍ണതകളും മനസിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഒരു സംവിധായകനാണ് അദ്ദേഹം. അദ്ദേഹം ഉപരി പഠനത്തിന്‍റെ ഭാഗമായി യുകെയില്‍ കുറച്ച് വര്‍ഷം ഉണ്ടായിരുന്നതാവാം അതിന് കാരണം. ആ സൗഹൃദ ചര്‍ച്ചകളില്‍ നിന്ന് ഉടലെടുത്തത സിനിമയാണ് ഇംഗ്ലീഷ്. ഇപ്പോള്‍ ആ സൗഹൃദം “ഇവിടെ” വരെ എത്തി നല്‍ക്കുന്നു

അജയന്‍റെ സ്വന്തമായൊരു സിനിമ പ്രതീക്ഷിക്കാമോ… സ്വന്തം സംവിധാനത്തിന്. ശ്രമങ്ങളെന്തെങ്കിലും നടക്കുന്നുണ്ടോ.

അങ്ങനെ ഒരു ശ്രമം നടക്കുന്നുണ്ട്. ആദ്യം വേണ്ടത് ഒരു നല്ല കഥയാണല്ലോ, അതിന്‍റെ പണി പുരയില്‍ ആണ്.

പെരുച്ചാഴിയില്‍ മോഹന്‍ലാലെന്ന നടനെയും വ്യക്തിയെയും അജയനെ അടുത്തറിയാന്‍ സാധിച്ചിരിക്കുമല്ലോ… . അതേ സമയം തന്നെയാണ് മലയാളത്തിലെ ഏറ്റവും പുതിയ തലമുറയില്‍ നിന്നുള്ള നിവിന്‍പോളിയും, പൃഥിരാജുമായും, സഹകരിക്കാന്‍ കഴിയുന്നതും. എങ്ങനെയാണ് അജയന്‍ ഇവരെ നോക്കികാണുന്നതും ഇവരൊടൊത്തുള്ള അനുഭവവും

ഇവര്‍ എല്ലാവരും തന്നെ അവര്‍ ചെയ്യുന്ന ജോലിയോട് 150% ആത്മാര്‍ത്ഥമായും അഭിനിവേശവും ഉള്ളവരാണ്. സിനിമയുടെ ഗ്ലാമറുകള്‍ക്കപ്പുറം ഒരു ദിവസം 15-20 മണിക്കൂറുകള്‍ വരെ ജോലി ചെയ്യേണ്ട ദിവസങ്ങള്‍ ഉണ്ടാകും. ആ കഠിനാദ്ധ്വാനം പലപ്പോഴും നമ്മള്‍ കാണാതെ പോകുന്നുവെന്നതാണ് സത്യം. ഇവിടെയുടെ ഷൂട്ടിങിന് ഇടയില്‍ മൈനസ് പത്ത് ഡിഗ്രിയേക്കാള്‍ താഴെ തണുത്ത രാത്രിയില്‍ ഷൂട്ട് ചെയ്യേണ്ടിവന്നിട്ടുണ്ട്. മൂന്നൂറില്‍ പരം സിനിമകള്‍ ചെയ്ത് ശ്രീ മോഹന്‍ലാല്‍ എന്ന വ്യക്തി ഇന്നും സിനിമയെ കാണുന്നത് “തിരനോട്ടം” എന്ന ആദ്യ സിനിമയില്‍ അഭിനിയച്ച അതേ പാഷനോടെയാണ് എന്നതാണ് സത്യം.

അക്കര കാഴ്ച്ചകളിലെ പ്രധാന കഥാപാത്രങ്ങളുമായുള്ള ബന്ധം ഇപ്പോൾ എങ്ങനെ?

എല്ലാവരുമായി നല്ല അടുപ്പമാണ്. ഞങ്ങള്‍ എല്ലാവരും ഇടക്കിടക്ക് ഒത്തുകൂടല്‍ ഉണ്ടാവാറുണ്ട്. ഗ്രിഗറി ഇന്ന് കേരളത്തില്‍ അറിയപ്പെടുന്ന താരമാണ് അത് പോലെതന്നെ ജോസേട്ടനും. അഭി പുതിയൊരു സിനിമയുടെ പണിപ്പുരയില്‍ ആണ്. അങ്ങനെ എല്ലാവരും മലയാള സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞു എന്നുള്ളത് തന്നെ ഒരു വലിയ ഭാഗ്യമായി ഞങ്ങള്‍ കരുതുന്നു.

അക്കരക്കാഴ്ച്ചയുടെ തുടർച്ചകളൊ സമാന സ്വഭാവമുള്ള എപ്പിസോഡുകളോ മലയാളികൾക്ക്‌ പ്രതീക്ഷിക്കാമോ??

നേരത്തെ സൂചിപ്പിച്ചത് പോലെ എല്ലാവരും അവരുടേതായ പ്രൊജക്ടുമായി തിരക്കിലാണ്. ഇനി അക്കരകാഴ്ച്ചകള്‍ ഉണ്ടാകുമോ എന്നചോദ്യത്തിന് അടുത്ത തന്നെ ഉണ്ടാകാന്‍ സാധ്യതയില്ലെന്നതാണ് ഉത്തരം

അക്കരക്കാഴ്ച്ചയിൽ നിന്ന്‌ പ്രചോദനം ഉൾക്കൊണ്ട്‌ നിരവധി മലയാളികൾ ഇത്തരം സംരഭങ്ങൾ തുടങ്ങിയെങ്കിലും ദയനീയമായ പരാജയങ്ങളായിരുന്നു. ഇത്തരം സംരംഭകർക്ക്‌ എന്തെങ്കിലും ഉപദേശം?

പരാജയം എന്നൊന്നും ഒന്നിനെയും വിശേഷിപ്പിനാവില്ലെന്നതാണ് എനിക്ക് എന്‍റെ ഈ ചെറിയ ജീവിതത്തില്‍ നിന്ന് പഠിക്കാന്‍ ആയത്. എല്ലാം തുടക്കങ്ങള്‍ അല്ലേ ? ഈ തുടക്കങ്ങളില്‍ നിന്നാണ് പിന്നിട്ട്, കൊട്ടിഘോഷിക്കപ്പെടുന്ന വിജയങ്ങള്‍ ഉണ്ടാകുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇനിയും പുതിയ സംരംഭങ്ങള്‍ ഉണ്ടാകട്ടെ…

ഇതയും നേരം ഞങ്ങൾക്കായി ചിലവഴിച്ചതിന് നന്ദി. ഞങ്ങളുടേ വായനക്കാരോട് എന്തെങ്കിലും പറയാൻ ഉണ്ടോ?

ആദ്യംതന്നെ റോസ് മലയാളം പോര്‍ട്ടലിനോട് നന്ദി. അക്കരകാഴ്ച്ചകള്‍ എന്ന എളിയ പ്രോഗ്രാം തുടങ്ങിയ അവസരത്തില്‍ തന്നെ ഞങ്ങളെ പ്രോത്സാഹിപ്പിച്ച നിങ്ങള്‍ക്കും യുകെയിലെ പ്രവാസികള്‍ക്കും പ്രത്യേകം നന്ദി.നല്ല നമസ്കാരം…

Share this news

Leave a Reply

%d bloggers like this: