ന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ സുപ്രീംകോടതി റദ്ദാക്കി. നാലാഴ്ചയ്ക്കകം പരീക്ഷ വീണ്ടും നടത്തണമെന്നും കോടതി ഉത്തരവിട്ടു. നിലവില്‍ നടത്തിയ പരീക്ഷയുടെ ഉത്തരസൂചിക ചോര്‍ന്നതിനെത്തുടര്‍ന്നാണു പരീക്ഷ റദ്ദാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണു പരീക്ഷ വീണ്ടും നടത്താന്‍ സിബിഎസ്ഇക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എല്ലാ സ്ഥാപനങ്ങളും പരീക്ഷയോടു സഹകരിക്കണമെന്നും കോടതി നിരീക്ഷിച്ചു.
ഹരിയാന, ബിഹാര്‍ സംസ്ഥാനങ്ങളിലെ 22 വിദ്യാര്‍ഥികള്‍ക്കാണ് ആദ്യം നടന്ന മെഡിക്കല്‍ പ്രവേശനപരീക്ഷയുടെ ഉത്തരസൂചിക ചോര്‍ന്ന് ലഭിച്ചത്. ഇത് വാര്‍ത്തയായതോടെ പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണു സുപ്രീംകോടതി ഉത്തരവ്. നിലവിലെ പരീക്ഷ സമ്പ്രദായത്തില്‍ മാറ്റം വരുത്തണമെന്നും ഈ രീതി തുടര്‍ന്നാല്‍ നിരവധി വിദ്യാര്‍ഥികളുടെ ഭാവി തുലാസിലാക്കുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
പരീക്ഷ റദ്ദാക്കിയതോടെ ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ താമസിക്കുമെന്ന് ഉറപ്പായി. പരീക്ഷ റദ്ദാക്കിയതോടെ വിദ്യാര്‍ഥികളും ആശങ്കയിലായിട്ടുണ്ട്.
-എജെ-