ഓട്ടോ ഡ്രൈവര്‍ വാനോളമുയര്‍ന്ന് പൈലറ്റായ കഥ

 

ശ്രീകാന്തിന്റെ സ്വപ്‌നങ്ങള്‍ക്ക് അതിരുകളില്ല, കാരണം അവന്റെ സ്വപ്‌നങ്ങള്‍ വാനോളം ഉയര്‍ന്നതായിരുന്നു. അതുകൊണ്ട് തന്നെയാണ് ഓട്ടോറിക്ഷ ഡ്രൈവറായ ഒരു പയ്യന്‍ തന്റെ നിശ്ചയദാര്‍ഢ്യവും അശ്രാന്ത പരിശ്രമവും കൈമുതലാക്കി പൈലറ്റായി മാറിയ കഥ വ്യത്യസ്തമാകുന്നത്.

ആ കഥ ഇങ്ങനെ: മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ഒരു സാധാരണ കുടുംബത്തിലായിരുന്നു ശ്രീകാന്ത് പന്താവനെയുടെ ജനനം. സെക്യൂരിറ്റി ജീവനക്കാരാനായിരുന്ന അച്ഛന്റെ തുച്ഛമായ ശമ്പളം തന്റെ വിദ്യാഭ്യാസത്തിന് കൂടി തികയാതെ വന്നപ്പോഴാണ് ശ്രീകാന്ത് ചെറിയ ജോലികള്‍ക്ക് പോയി തുടങ്ങിയത്. ഒരു ഡെലിവറി ബോയ് ആയി തന്റെ ജോലി ആരംഭിച്ച ശ്രീകാന്ത് പിന്നീട് സ്‌കൂള്‍ സമയം കഴിഞ്ഞ് ഓട്ടോ െ്രെഡവറായും ജോലി ചെയ്യാന്‍ തുടങ്ങി.

അങ്ങനെയിരിക്കേ ഒരുനാള്‍ നാഗ്പൂര്‍ എയര്‍പോര്‍ട്ടിലേക്കുള്ള ഒരു ഓട്ടത്തിനിടയിലാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പൈലറ്റ് പരിശീലനത്തിന് സ്‌കോളര്‍ഷിപ്പ് നല്‍കുന്നവിവരം ശ്രീകാന്ത് അറിയുന്നത്. വിമാന യാത്ര സ്വപ്‌നമായി കൊണ്ടു നടന്ന ആ പയ്യന്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുകയും ചെയ്തു. പ്രതീക്ഷ തെറ്റിയില്ല, അവന് മധ്യപ്രദേശിലെ ഫഌയിംഗ് സ്‌കൂളില്‍ പ്രവേശനം കിട്ടുകയും ചെയ്തു. അങ്ങനെ എല്ലാ പരീക്ഷകളിലും ഒന്നാമനായി കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് എന്ന ലക്ഷ്യം ശ്രീകാന്ത് തന്റെ നിശ്ചയദാര്‍ഡയത്തിലൂടെ നേടിയെടുക്കുകയും ചെയ്തു.

എന്നാല്‍ പൈലറ്റ് ലൈസന്‍സ് നേടിയ ശ്രീകാന്തിന്റെ സ്വപ്‌നങ്ങള്‍ക്ക് സാമ്പത്തിക മാന്ദ്യം തടസമായി. എങ്കിലും അതില്‍ തളരാതെ ആകാശത്തോളമുയര്‍ന്ന സ്വപ്നങ്ങള്‍ക്ക് ചെറിയ ഇടവേള കൊടുത്ത് കഠിനാദ്ധ്വാനിയും ശുഭാപ്തിവിശ്വാസിയുമായ ആ യുവാവ് ഒരു മാര്‍ക്കറ്റിംഗ് കമ്പനിയില്‍ ജോലിക്ക് കയറി. അങ്ങനെയിരിക്കെയാണ് അവനെ തേടി ബജറ്റ് എയര്‍ലൈന്‍സായ ഇന്‍ഡിഗോ കമ്പനിയില്‍ ഫസ്റ്റ് ഓഫിസര്‍ അഥവാ കോപൈലറ്റായി നിയമിച്ചിരിക്കുന്നുവെന്നറിയിച്ചുകൊണ്ടുള്ള സന്തോഷ വാര്‍ത്ത എത്തിയത്. അങ്ങനെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ വാനോളമുയരുകയാണ് ശ്രീകാന്ത്. ഇന്‍ഡിഗോയുടെ ഇന്‍ഹൗസ് മാഗസിനിലാണ് ശ്രീകാന്തിന്റെ വിജയകഥ അച്ചടിച്ചു വന്നത്.

അതിരുകളില്ലാത്ത ആകാശത്ത് പറക്കാനൊരുങ്ങുമ്പോള്‍, നിങ്ങളുടെ വിധി തീരുമാനിക്കുന്നത് നിങ്ങള്‍ തന്നെയാണെന്നുമാത്രമാണ് ശ്രീകാന്തിന് പറയാനുള്ളത്. ശ്രീകാന്ത് പന്ത്‌വാനെ യുവതലമുറയ്ക്ക് മാതൃകയാകുന്നതും അതുകൊണ്ട് തന്നെ.

Share this news

Leave a Reply

%d bloggers like this: