ഇരട്ട സംഗമം..പങ്കെടുത്തത് 641 ജോഡി സഹോദരങ്ങള്‍

കടുത്തുരുത്തി: കോതനല്ലൂരില്‍ ഇരട്ടവിശുദ്ധരായ കന്തീശങ്ങളുടെ പള്ളിയില്‍ നടന്ന ഇരട്ട സംഗമത്തില്‍ പങ്കെടുത്തത് 641 ജോഡി സഹോദരങ്ങള്‍. കോതനല്ലൂര്‍ ഫൊറോന പളളിയില്‍ നടന്ന ഇടവക മദ്ധ്യസ്ഥരും ഇരട്ട പുണ്യവാന്മാരുമായ വിശുദ്ധ ഗര്‍വാസീസിന്റെയും വിശുദ്ധ പ്രോത്താസീസിന്റെയും തിരുനാളാണ് ഇരട്ടകളുടെ അപൂര്‍വ സംഗമവേദിയായത്.

അഞ്ച് ജോഡി വൈദികരും നാല് ജോഡി കന്യാസ്ത്രികളും സംഗമത്തിനെത്തിയിരുന്നു. പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കനൊപ്പം ഇരട്ട വൈദീകരാണ് സമൂഹബലിക്ക് കാര്‍മികത്വം വഹിച്ചത്.

ഇരട്ട വൈദികരായ ഫാ.റോമ്പി, ഫാ.റോയി കണ്ണഞ്ചിറ, ഫാ.തോമസ്, ഫാ.ജോസഫ് ചൂളപ്പറമ്പില്‍, ഫാ.റോജി, ഫാ.റെജി മനയ്ക്കപ്പറമ്പില്‍, ഫാ.ജെന്നി, ഫാ.ജസ്റ്റിന്‍ കായംകുളത്തുശ്ശേരി, ഫാ.ജോസഫ്, ഫാ.ആന്റിണി കൊല്ലകൊമ്പില്‍ എന്നിവരാണ് സംഗമത്തിനെത്തിയ ഇരട്ട സഹോദരങ്ങളായ വൈദീകര്‍. ഇരട്ടസഹോദരങ്ങളെ കന്തീശങ്ങള്‍ക്ക് സമര്‍പിക്കുന്ന ശുശ്രൂഷകള്‍ക്ക് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ഇരട്ടകള്‍ക്കായി സ്‌നേഹവിരുന്നും നടന്നു.വയലാ തന്നടിയില്‍ അഭിലാക്ഷിന്റെയും സുജിതാ ലക്ഷ്മിയുടെയും മക്കളായ 60 ദിവസം മാത്രം പ്രായമുള്ള കാര്‍ത്തികും കാര്‍ത്തികയുമാണ് സംഗമത്തിലെ ഇളംതലമുറക്കാര്‍.

കോതനല്ലൂര്‍ ഫൊറോന പള്ളി ഇടവകാംഗങ്ങളായ 1927 ല്‍ ജനിച്ച പുളിക്കാനിക്കല്‍ ഗര്‍വാസീസും പ്രോത്താസീസുമാണ് സംഗമത്തിനെത്തിയവരിലെ മുതിര്‍ന്നവര്‍.

Share this news

Leave a Reply

%d bloggers like this: