ന്യൂഡല്‍ഹി: മാഗിക്ക് പിന്നാലെ ഡെറ്റോള്‍ സോപ്പും വിവാദത്തില്‍. മാഗിയില്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് ഗുണനിലവാര പരിശോധന കര്‍ശനമാക്കിയതാണ് ഡെറ്റോള്‍ സോപ്പിന് വിനയായത്. ഫുഡ് ആന്റ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ ആഗ്രയില്‍ നിന്ന് ശേഖരിച്ച സാമ്പിളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
കഴിഞ്ഞ നവംബറില്‍ ശേഖരിച്ച സാമ്പിള്‍ ലക്‌നൗവിലെ ലാബിലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ സോപ്പിന് ഗുണനിലവാരം കുറവാണെന്ന് കണ്ടെത്തി. അണുക്കളില്‍ നിന്നുമകറ്റി വൃത്തിയേകുന്നുവെന്ന ഡെറ്റോള്‍ ഉത്പന്നങ്ങളുടെ അവകാശം പൊള്ളത്തരമാണെന്നാണ് പരിശോധനാഫലം. ബ്രിട്ടണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റെക്കിറ്റ് ബെന്‍കിസര്‍ ലിമിറ്റഡ് എന്ന ബഹുരാഷ്ട്ര കമ്പനിയുടെ ഉത്പന്നമാണ് ഡെറ്റോള്‍ സോപ്പ്.
കമ്പനിയുടെ ശുചീകരണ ഉത്പന്നങ്ങളും മരുന്നുകളുമടക്കം നിരവധി ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയിലുണ്ട്. സോപ്പിനൊപ്പം കമ്പനിയുടെ മറ്റ് പത്ത് മരുന്നുകള്‍ക്കും ഗുണനിലവാരമില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.