നിലവിളക്ക് കൊളുത്തുന്നത് മതാചാരമായി കാണാനാവില്ലെന്ന് മന്ത്രിക്ക് മമ്മൂട്ടിയുടെ ഉപദേശം..

തിരുവനന്തപുരം: ഉദ്ഘാടന ചടങ്ങുകളില്‍ നിലവിളക്ക് കൊളുത്തുന്നത് ഏതെങ്കിലും ഒരു മതത്തിന്റെ ആചാരമായി കാണാനാകില്ലെന്ന് സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി. ചടങ്ങില്‍ നിലവിളക്ക് കൊളുത്താന്‍ മടികാണിച്ച വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിനോട് വേദിയില്‍ വച്ചു തന്നെയാണ് മമ്മൂട്ടി ഇതുപറഞ്ഞത്. വേദിയില്‍ ചില്ലറ ചര്‍ച്ചകള്‍ക്ക് ഇത് വഴിവെക്കുകയും ചെയ്തു.

തിരുവനന്തപുരത്ത് നടന്ന പി.എന്‍.പണിക്കര്‍ അനുസ്മരണ ചടങ്ങായിരുന്നു ഈ ചര്‍ച്ചകള്‍ക്ക് സാക്ഷ്യം വഹിച്ചത്. അനുസ്മരണ ചടങ്ങ് ഉദ്ഘാടനത്തിന്റെ ഭാഗമായി മമ്മൂട്ടി വിളക്ക് കൊളുത്തി. അടുത്തതായി മന്ത്രിക്ക് കൈമാറിയെങ്കിലും അദ്ദേഹം വിസമ്മതിച്ചു. ഇതാണ് മമ്മൂട്ടിയെ പ്രകോപിപ്പിച്ചത്. മമ്മൂട്ടി മന്ത്രിയെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുകയായിരുന്നു.

മുസ്‌ലിം ലീഗ് ഇത്തരം വിശ്വാസങ്ങള്‍ അവസാനിപ്പിക്കണമെന്നും മമ്മൂട്ടി ചൂണ്ടിക്കാട്ടി. താനും ഒരു മുസ്‌ലിം മതവിശ്വാസിയാണ്. മതാചാര പ്രകാരമാണ് ജീവിക്കുന്നത്. നോമ്പും എടുക്കുന്നുണ്ട്. പല ചടങ്ങുകളിലും വിളക്ക് കൊളുത്താറുണ്ട്. അതിലെന്താണ് പ്രശ്‌നമെന്നും മമ്മൂട്ടി ചോദിച്ചു.

മമ്മൂട്ടിക്ക് പിന്തുണയുമായി ചടങ്ങിന്റെ ഉദ്ഘാടകനായ പി.ജെ.കുര്യനും എത്തി. യോഗയും വിളക്ക് കൊളുത്തുന്നതും ഒന്നും ഒരു മതത്തിന്റെ ആചാരമല്ലെന്നും ഭാരത സംസ്‌കാരത്തിന്റെ ഭാഗമാെണന്നും കുര്യനും ചൂണ്ടിക്കാട്ടി. താന്‍ ഇത് പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടുള്ളതാണെന്നും കുര്യന്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: