ഡബ്ലിന്‍: അയര്‍ലണ്ടില്‍ നിന്നും ചിന്നിച്ചിതറിപ്പോയ ഐറിഷുകാര്‍ക്ക് അയര്‍ലണ്ടിലെ വേരുകള്‍ കണ്ടുപിടിക്കുവാനും ഐറിഷ് ജനതയുടെ മനോവികാരങ്ങള്‍ക്കൊപ്പം സഞ്ചരിക്കുവാനും അവസരമൊരുക്കി പുതിയ വെബ്‌സൈറ്റ് ഒരുങ്ങി- ‘irelandxo.com’. അയര്‍ലണ്ട് റീച്ചിങ് ഔട്ടിന്റെ ആഭിമുഖ്യത്തില്‍ ദേശീയ തലത്തില്‍ നടത്തുന്ന ഡയാസ്‌പൊറ പ്രോഗ്രാമിനോടനുബന്ധിച്ചാണ് പുതിയ വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്.
ഐറിഷ് പൈതൃകമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുവാനും അന്യദേശങ്ങളില്‍ താമസിക്കുന്ന ഐറിഷ് ജനതയ്ക്ക് അയര്‍ലണ്ടിലെ അവരുടെ കൗണ്ടികളും ഇടവകകളും കണ്ടുപിടിക്കുവാനും സഹായകകരമായ തരത്തിലാണ് വെബ്‌സൈറ്റ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഡയാസ്‌പൊറ വകുപ്പുതല മന്ത്രി ജിമ്മി ഡനിഹന്‍ ആണ് വെബ്‌സൈറ്റിന്റെ പ്രഖ്യാപനം നടത്തിയത്.
വിദേശകാര്യ മന്ത്രാലയത്തിന്റെ മുഖ്യകാര്യാലയമായ ഡബ്ലിനിലെ ലെവെഗ് ഹൗസില്‍ നടന്ന മീറ്റിങിനിടെയാണ് വെബ്‌സൈറ്റ് പ്രഖ്യാപനമുണ്ടായത്. അയര്‍ലണ്ടിലെ എല്ലാ പ്രാദേശിക കമ്മ്യൂണിറ്റികള്‍ക്കും പാരിഷ് പ്രൊഫൈലുകള്‍ ഒരുക്കുന്നതിനൊപ്പം അയര്‍ലണ്ടുമായി സുദൃഡമായൊരു ബന്ധം കാത്തുസൂക്ഷിക്കുവാനും ഉപകാരപ്പെടുന്ന വെബ്‌സൈറ്റാണിതെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.
വിദേശങ്ങളിലുള്ള ഐറിഷുകാരെ രാജ്യത്തിലേക്കു മടക്കിക്കൊണ്ടുവരുന്നതില്‍ Ireland XO നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ ഉണ്ടാവുമെന്ന് മന്ത്രി ഡനിഹാന്‍ പറഞ്ഞു. വെബ്‌സൈറ്റ് ആശയം പ്രശംസാവഹമാണെന്നും ഐറിഷ് പൈതൃകങ്ങളെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇതേറെ ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.