മുംബൈ വിഷമദ്യ ദുരന്തം: മരണം 94 ആയി

 

മുംബൈ: മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായി മലാഡിലെ വിഷമദ്യ ദുരന്തം മാറുന്നു. വിഷമദ്യം കഴിച്ച് അവശരായ നാലു പേര്‍ കൂടി ഞായറാഴ്ച മരണത്തിന് കീഴടങ്ങിയതോടെ മരണ സംഖ്യ 94 ആയി ഉയര്‍ന്നു. ഇനിയും 45 ലേറെപേര്‍ വിവിധ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലായി ചികിത്സയിലുണ്ട്. ഇവരില്‍ പലരും ഗുരുതരാവസ്ഥയിലാണ്. കൂടുതല്‍ പേര്‍ വിഷമദ്യം ഉപയോഗിച്ചിരിക്കാമെന്ന ആശങ്കയില്‍ പോലീസ് ലക്ഷ്മി നഗര്‍ കോളനിയില്‍ വീടുകള്‍തോറും കയറിയിറങ്ങി പരിശോധന നടത്തുകയാണ്. ഇത്തരത്തില്‍ നടത്തിയ പരിശോധനയില്‍ ഞായറാഴ്ച എട്ടു പേരെ കണ്ടെത്തി. അവശരായ ഇവരെ പോലീസ് ആശുപത്രിയില്‍ എത്തിച്ചു.

മലാഡ് ഗംദേവി ജുറാസിക് പാര്‍ക്കിനു സമീപം ലക്ഷ്മി നഗര്‍ കോളനിയില്‍ ബുധനാഴ്ച രാത്രിയിലായിരുന്നു ദുരന്തത്തിന് കാരണമായ മദ്യം വിതരണം ചെയ്തത്. ഉപയോഗിച്ചവര്‍ക്ക് അസ്വസ്ഥതയുണ്ടായതറിയാതെ പിന്നീടുള്ള ദിവസങ്ങളിലും ഇതേ സ്ഥലത്തു നിന്ന് നിരവധി പേര്‍ മദ്യം കഴിച്ചു. ഇതാണ് ദുരന്തത്തിന്റെ തീവ്രത വര്‍ധിക്കാന്‍ കാരണമായത്. സംഭവവുമായി ബന്ധപ്പെട്ട് നാല് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പ്രതികളായ 20 പേരെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍, മുഖ്യപ്രതിയെന്നു സംശയിക്കുന്ന മൈന്‍ക ഭായിയെ ഇനിയും പിടികൂടാനായിട്ടില്ല. മുമ്പും വ്യാജമദ്യവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുള്ള വ്യക്തിയാണ് അക്ക എന്നറിയപ്പെടുന്ന മൈന്‍ക ഭായി. മുംബൈയില്‍ ഇതിന് മുമ്പ് 2008 ഡിസംബറിലാണ് വലിയ വിഷമദ്യദുരന്തം ഉണ്ടായത്. അന്ന് 87 പേരാണ് മരിച്ചത്.

-എജെ-

Share this news

Leave a Reply

%d bloggers like this: