ഓണ്‍ലൈനിലൂടെ അനധികൃത മരുന്നുവ്യാപാരത്തില്‍ ഇന്ത്യന്‍ മരുന്നുകളും സുലഭം

ഡബ്ലിന്‍: അനധികൃത മരുന്നുവ്യാപാരം തടയുകയെന്ന ലക്ഷ്യത്തോടെ ആഗോളതലത്തില്‍ നടത്തുന്ന ഓപ്പറേഷന്റെ ഭാഗമായി അയര്‍ലന്‍ഡില്‍ നിന്നും 430,000 യൂറോ വിലവരുന്ന മരുന്നുകള്‍ പിടിച്ചെടുത്തു. ഇന്ത്യ, സിംഗപ്പൂര്‍, അമേരിക്ക, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ള മരുന്നുകളാണ് പിടിച്ചെടുത്തവയില്‍ അധികവും. ഓണ്‍ലൈന്‍ വഴി അനധികൃതമരുന്നു വ്യാപാരം നടത്തുന്ന ക്രിമിനല്‍ സംഘങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ഓപ്പറേഷന്‍ പാങ്കിയെന്ന പേരില്‍ 115 രാജ്യങ്ങളിലായി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ 2414 വെബ്‌സൈറ്റുകള്‍ റദ്ദ് ചെയ്യുകയും 156 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

അയര്‍ലന്‍ഡില്‍ ഹെല്‍ത്ത് പ്രൊഡക്ട്, റെഗുലേറ്ററി അതോറിറ്റി, റെവന്യൂ കസ്റ്റംസ് സര്‍വീസ്, ഗാര്‍ഡ എന്നിവര്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ എട്ടുവെബ്‌സൈറ്റുകള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. ഇതില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റ് കേന്ദ്രീകരിച്ച് അയര്‍ലന്‍ഡില്‍ ഓണ്‍ലൈന്‍ വ്യാപാരം നടത്തുന്ന മരുന്നുകമ്പനിയും ഉള്‍പ്പെടുന്നു. ഓണ്‍ലൈനായി ബുക്കുചെയ്യുന്ന വിവിധതരം മരുന്നുകള്‍ കുറഞ്ഞവിലയില്‍ വിതരണം ചെയ്യുകയാണ് ഇവര്‍ ചെയ്തിരുന്നത്. വില കൂടിയ മരുന്നുകള്‍ക്ക് പകരമുള്ള വ്യാജമരുന്നുകള്‍, വയാഗ്ര അടക്കമുളള മരുന്നുകള്‍ എന്നിവ ഇവര്‍ വിതരണം ചെയ്തിരുന്നു. ആരോഗ്യത്തിന് ഹാനികരമായ വ്യാജമരുന്നുകള്‍ ഉപയോഗിക്കുക വഴി ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ജീവന്‍ തന്നെ അപകടത്തിലാക്കുകയാണെന്ന് ആരോഗ്യമന്ത്രി ലിയോ വരേദ്കാര്‍ പറഞ്ഞു.

-എജെ-

Share this news

Leave a Reply

%d bloggers like this: