കരിപ്പൂര്‍ വിമാനത്താവളത്തില്‍ സംഘര്‍ഷത്തില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഒമ്പത് സിഐഎസ്എഫ് ജവാന്മാര്‍ കൊണ്ടോട്ടി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. നാലുമണിയോടെയാണ് ഇവര്‍ സ്‌റ്റേഷനിലെത്തിയത്. പൊതുമുതല്‍ നശിപ്പിച്ച കേസിലാണ് കീഴ്ടങ്ങിയത്. ഇവര്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസയച്ചിരുന്നു. നോട്ടീസ് കാലാവധി തീര്‍ന്നതിനേത്തുടര്‍ന്നാണ് കീഴടങ്ങിയത്.
ഇതേ കേസില്‍ നേരത്തെ അറസ്റ്റിലായ നാലു ജവാന്‍മാര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. വെടിവയ്പുകേസില്‍ പത്ത് അഗ്‌നിശമനസേനാ ഉദ്യോഗസ്ഥരെയും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇതോടെ കേസില്‍ കസ്റ്റഡിയിലുള്ളവര്‍ 13 ആയി. നാലുപേര്‍ റിമാന്‍ഡിലാണ്.
നേരത്തെ, പൊതുമുതല്‍ നശിപ്പിച്ച കേസില്‍ പ്രതികളായ നാലു ഭടന്‍മാരുടെ ജാമ്യാപേക്ഷ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തളളിയിരുന്നു. റിമാന്‍ഡില്‍ കഴിയുന്ന ബീഹാര്‍ സ്വദേശി വിനയകുമാര്‍ ഗുപ്ത (25), മഹാരാഷ്ട്ര സ്വദേശി രാമോഗി ദീപക് യശ്വന്ത് (26), ഉത്തര്‍പ്രദേശ് സ്വദേശി ലോകേന്ദ്ര സിംഗ് (26), രാജസ്ഥാന്‍ സ്വദേശി രാകേഷ് കുമാര്‍ മീണ (26) എന്നിവരുടെ ജാമ്യാപേക്ഷയാണ് തളളിയത്
-എജെ-