മുംബൈ: കുവൈറ്റിലേക്ക് പോകുന്ന ഉദ്യോഗാര്‍ത്ഥികളില്‍നിന്ന് ആരോഗ്യക്ഷമതാപരിശോധനക്ക് വന്‍ തുക ഈടാക്കുന്ന വിഷയത്തില്‍ കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം ഇടപെടുന്നു. ഇക്കാര്യം കുവൈറ്റ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഖദാമത് ഇന്റഗ്രേറ്റഡ് സൊല്യൂഷന്‍സ് എന്ന ഏജന്‍സി പ്രവര്‍ത്തിക്കുന്നത് എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണെന്നും കുവൈറ്റിലേക്ക് പോകുന്ന ഉദ്യോഗാര്‍ത്ഥികളുടെ ആരോഗ്യക്ഷമതാ പരിശോധനയ്ക്ക് 24000 രൂപ ഖദാമത് ഇന്റ്‌റഗ്രേറ്റഡ് സൊല്യൂഷന്‍സ് എന്ന ഏജന്‍സി വാങ്ങുന്ന വിവരവും ഏഷ്യാനെറ്റ് ന്യൂസ് പുറത്തു കൊണ്ടുവന്നിരുന്നു. കേരളത്തിലെ സെന്ററുകള്‍ അടച്ചു പൂട്ടി മുംബൈയില്‍ എത്താന്‍ ആവശ്യപ്പെടുക വഴി ഉദ്യോഗാര്‍ത്ഥികളെ ഏജന്‍സി പീഡിപ്പിക്കുകയാണ്. ഇക്കാര്യം ശ്രദ്ധയില്‍ പെട്ടുവെന്നും കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം വ്യക്തമാക്കി. ഏജന്‍സിയുടെ നടപടി പരിശോധിച്ചുവരികയാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കേന്ദ്രത്തിന്റെ നിര്‍ദ്ദേശം ലംഘിക്കുന്നുണ്ടോ എന്ന് അന്വേഷിക്കും. ഒപ്പം വിഷയം ദില്ലിയിലെ കുവൈറ്റ് എംബസിയുടെയും കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെയും ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും മന്ത്രാലയം അറിയിച്ചു. ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ ആരോഗ്യമന്ത്രിമാരുടെ കൗണ്‍സില്‍ കഴിഞ്ഞ മെയ് മാസം പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം ആരോഗ്യക്ഷമതാപരിശോധനയ്ക്കുള്ള പരമാവധി ഫീസ് 60 അമേരിക്കന്‍ ഡോളറായിരിക്കണമെന്നാണ് നിബന്ധന. അതായത് നാലായിരം രൂപയില്‍ താഴെ. മെഡിക്കല്‍ പരിശോധന അടക്കമുള്ള എല്ലാ എമിഗ്രേഷന്‍ ചെലവുകള്‍ക്കും കൂടി പരമാവധി 20,000 രൂപയേ വാങ്ങാവൂ എന്ന് കഴിഞ്ഞമാസം 28ആം തീയതി കേന്ദ്ര പ്രവാസകാര്യമന്ത്രാലയവും റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അപ്പോഴാണ് ഇന്ത്യന്‍ എമിഗ്രേഷന്‍ നിമയവും ജിസിസി നിര്‍ദ്ദേശങ്ങളും കാറ്റില്‍പ്പറത്തി ഖദാമത് ഇന്റഗ്രേറ്റഡ് സൊല്യൂഷന്‍സ് ആരോഗ്യക്ഷമതാ പരിശോധനയ്ക്ക് മാത്രം 24000 രൂപ ഈടാക്കുന്നത്.
-എജെ-