കൊല്‍ക്കത്ത: മദര്‍ തെരേസയുടെ പിന്‍ഗാമിയും മിഷനറീസ് ഒഫ് ചാരിറ്റി മുന്‍ മദര്‍ സുപ്പീരിയറുമായ സിസ്റ്റര്‍ നിര്‍മല (നിര്‍മല ജോഷി) അന്തരിച്ചു. 81 വയസായിരുന്നു. വാര്‍ദ്ധക്യകാല രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 1997ല്‍ മദര്‍ തെരേസയുടെ മരണത്തെ തുടര്‍ന്നാണ് സിസ്റ്റര്‍ നിര്‍മല മദര്‍ സുപ്പീരിയര്‍ ജനറലായത്. 2009ല്‍ അനാരോഗ്യം ചൂണ്ടിക്കാട്ടി മൂന്നാംതവണയും മഠത്തിന്റെ സുപ്പീരിയര്‍ ജനറല്‍ ആവുന്നതിന് നിര്‍മല വിസമ്മതിച്ചിരുന്നു.
നേപ്പാളില്‍ നിന്ന് വന്ന ബ്രാഹ്മണ പട്ടാളക്കാരന്റെ മകളായി 1934ല്‍ ജാര്‍ഖണ്ഡിലെ റാഞ്ചിയിലായിരുന്നു നിര്‍മലയുടെ ജനനം. ക്രിസ്ത്യന്‍ മിഷനറി സ്കൂളില്‍ നിന്ന് വിദ്യാഭ്യാസം നടത്തി. പിന്നീട് െ്രെകസ്തവ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു. പതിനേഴാം വയസില്‍ തിരുവസ്ത്രം സ്വീകരിച്ചു. കൊല്‍ക്കത്ത, പനാമയിലും മിഷനറി പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്.
1976ല്‍ മിഷനറീസ് ഒഫ് ചാരിറ്റിയുടെ ശാഖകള്‍ നിര്‍മല ആരംഭിച്ചു. മദര്‍ തെരേസ മരിച്ച് ആറു മാസത്തിന് ശേഷമാണ് മിഷനറിയുടെ സുപ്പീരിയര്‍ പദവിയില്‍ നിര്‍മല എത്തുന്നത്. തുടര്‍ന്ന്, മദര്‍ തെരേസ നടത്തി വന്നിരുന്ന സാമൂഹ്യക്ഷേമ പദ്ധതികള്‍ നിര്‍മല ഏറ്റെടുത്ത് ചെയ്യാന്‍ തുടങ്ങി. മദര്‍ തെരേസയെ വിശേഷിപ്പിച്ചിരുന്ന ‘മദര്‍’ എന്ന ബഹുമതി ഉപയോഗിക്കാനും നിര്‍മല വിസമ്മതിച്ചിരുന്നു. അതിന് പകരം സിസ്റ്റര്‍ എന്ന് തന്നെ അഭിസംബോധന ചെയ്താല്‍ മതിയെന്ന് നിര്‍മല തന്നെ പറഞ്ഞിരുന്നു. 2009ല്‍ സിസ്റ്റര്‍ നിര്‍മലയ്ക്ക് പദ്മ വിഭൂഷണ്‍ നല്കി രാജ്യം ആദരിച്ചു.
നിര്‍മല സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് 2009 മാര്‍ച്ച് 24ന് സിസ്റ്റര്‍ മേരി പ്രേമയെ മൂന്നാമത്തെ സുപ്പീരിയര്‍ ജനറലായി തിരഞ്ഞെടുത്തിരുന്നു.