ഡബ്ലിന്‍: സൗജന്യ ജിപി കെയര്‍ പദ്ധതിക്കായി രക്ഷിതാക്കള്‍ കുട്ടികളെ രജിസ്റ്റര്‍ ചെയ്യുന്നതിന് വര്‍ധിക്കുന്നതിനിടയില്‍ എച്ച്എസ്ഇയുടെ മറ്റൊരു നിര്‍ദേശം കൂടി. ചെറിയ മുറിവുകള്‍ക്കും പൊട്ടലുകള്‍ക്കും കുട്ടികളെ ജിപിമാരെ കാണിക്കാനാണ് നിര്‍ദ്ദേശം. സൗജന്യ ജിപി സേവനം തന്നെ ജിപിമാര്‍ക്ക് അധിക തൊഴില്‍ ഭാരമാകുമെന്ന വിമര്‍ശനം നേരിട്ട് കൊണ്ടിരിക്കുന്നതിനിടയിലാണ് ഇത്തരമൊരു വിചിത്രമായ നിര്‍ദേശം.
എച്ച്എസ്ഇ ഇന്നാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്തായാലും നിര്‍ദേശത്തിന് വിമര്‍ശനവും വന്ന് കഴിഞ്ഞു. ചെറിയ മുറിവുകള്‍ക്ക് ആരും തന്നെ ഡോക്ടര്‍മാരെ കാണിക്കുന്നതിന് കുട്ടികളെ കൊണ്ട് വരുന്നില്ലെന്ന് പ്രതീക്ഷിക്കുന്നതായും മറുപടികള്‍ വരുന്നുണ്ട്. വിമര്‍ശനം വന്നതോടെ എച്ച്എസ്ഇ പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്. രക്ഷിതാക്കള്‍ക്ക് ഡെറ്റോളിനെക്കുറിച്ചൊന്നും അറിയില്ലെന്നാണോ എച്ച്എസ്ഇ കരുതുന്നതെന്ന് തിരിച്ച് ചോദിച്ചവരുമുണ്ട്.
ഇതിനിടെ സൗജന്യ ജിപി സേവനത്തിന് ഡോക്ടര്‍മാര്‍ സഹകരിക്കണമെന്ന് ആരോഗ്യമന്ത്രി ലിയോ വരേദ്ക്കര്‍ ആവശ്യപ്പെടുന്നുണ്ട്. നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ജനറല്‍ പ്രാക്ടീഷ്നേഴ്സ് എതിര്‍പ്പുമായി നില്‍ക്കുന്നത് തുടരുകയാണ്. മൂന്നില്‍ ഒരു വിഭാഗം ഡോക്ടര്‍മാരും കരാറില്‍ ഒപ്പിട്ടതായാണ് റിപ്പോര്‍ട്ടുകള്‍ ഉള്ളത്. അടുത്തമാസമാണ് പദ്ധതി തുടങ്ങുന്നത്. ഇതിനിടെ ജിപിമാരെ ചെറിയ ശസ്ത്രക്രിയകളില്‍ പങ്കാളിയാക്കുന്നതിനുള്ള നീക്കവും നടക്കുന്നുണ്ട്.