അഡ്‌ലൈഡ്: ഇറുകിയ ജീന്‍സുകള്‍ ധരിക്കുന്നവര്‍ ശ്രദ്ധിക്കുക, ഇറുക്കം അധികമായാല്‍ ആശുപത്രിയിലാകും. ഓസ്‌ട്രേലിയന്‍ ഡോക്ടര്‍മാരാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്. ഓസ്‌ട്രേലിയയില്‍ സ്‌കിന്‍ ഫിറ്റ് ജീന്‍സ് ധരിച്ച യുവതി കാലുകളുെട സ്പര്‍ശന ശേഷി നഷ്ടപ്പെട്ട അവസ്ഥയില്‍ ആശുപത്രിയിലായി. അഡ്‌ലൈഡ് സ്വദേശിയായ 35 കാരിയാണ് ആശുപത്രിയിലായത്. ഇതാദ്യമായാണ് ഇറുകിയ ജീന്‍സ് ധരിച്ചതിനെ തുടര്‍ന്ന് ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇറുകിയ ജീന്‍സ് ധരിച്ച് വീട്ടില്‍ ഇരുന്ന് ഏറെ സമയം ജോലി ചെയ്തു കൊണ്ടിരുന്ന യുവതിക്ക് കാലിന് പെരുപ്പനുഭവപ്പെട്ട് വീഴുകയായിരുന്നു. വീട്ടില്‍ ഇവര്‍ തനിച്ചായിരുന്ന അതിനാല്‍ അനങ്ങാനാകാതെ കുറേ മണിക്കൂറുകള്‍ അവര്‍ അവിടെ കിടന്നു. പിന്നീട് അവിടെ നിന്നും റോഡിലേക്ക് ഇഴഞ്ഞ് നീങ്ങി സഹായത്തിനായി അഭ്യര്‍ത്ഥിച്ചു. റോഡരികില്‍ കിടന്ന യുവതിയെ ഒരു ടാക്‌സിക്കാരനാണ് റോയല്‍ അഡ്‌ലൈഡ് ആശുപത്രിയില്‍ എത്തിച്ചത്. ഏറെ സമയം ഇറുകിപ്പിടിച്ച ജീന്‍സ് ധരിച്ചതിനെ തുടര്‍ന്ന് ഇവരുടെ ഞരമ്പുകള്‍ക്കും പേശികള്‍ക്കും ക്ഷതം സംഭവിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. കാലുകളിലേക്കുള്ള രക്തയോട്ടം നിലച്ച യുവതിയുടെ കാല്‍മുട്ടും പാദങ്ങളും അനക്കാന്‍ പറ്റാത്ത നിലയിലായിരുന്നു.
യുവതിയുടെ ശരീരത്തില്‍ നിന്നും ജീന്‍സ് മാറ്റാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചില്ല. യുവതിയുടെ കാലുകള്‍ നീരുവന്ന വീര്‍ത്ത നിലയിലായിരുന്നതിനാല്‍ ജീന്‍സ് മുറിച്ചുമാറ്റുക മാത്രമായിരുന്നു ഏക പോംവഴി. ഇറുക്കമുളള ജീന്‍സ് നിരന്തരമായി ഉപയോഗിച്ചതുകാരണം കാലിലെ മസിലുകളും നാഡികളും തകരാറിലായിരുന്നു. കാലുകളിലേക്കുളള രക്തയോട്ടം കുറഞ്ഞതിനെ തുടര്‍ന്ന് ‘കമ്പാര്‍ട്ട്‌മെന്റ് സിന്‍ഡ്രോം’ ബാധിച്ച നിലയിലായിരുന്നു അവര്‍. നാല് ദിവസത്തെ ചികിത്സക്കു ശേഷമാണ് പരസഹായം കൂടാതെ അവര്‍ക്ക് നടക്കാനായതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
-എജെ-