വീണതിനെ തുടര്‍ന്ന് 92 കാരിയായ സ്ത്രീ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് കഴിഞ്ഞ 70 വര്‍ഷമായി ഗര്‍ഭത്തിലൊരു കുഞ്ഞുമായാണ് ഇവര്‍ ജീവിച്ചത് എന്ന ഞെട്ടിക്കുന്ന വാര്‍ത്ത ലോകം അറിഞ്ഞത്. ചിലി സ്വദേശിയായ എസ്‌റ്റെല മെലന്‍ഡെസയുടെ വയറ്റിലാണ് ഡോക്ടര്‍മാര്‍ ഭ്രൂണത്തെ കണ്ടെത്തിയത്. അടുത്തിടെയുണ്ടായ ഒരു വീഴ്ചയെ തുടര്‍ന്ന് ആസ്പത്രിയിലെത്തിയ എസ്‌റ്റെല പതിവ് ചെക്കപ്പുകളുടെ ഭാഗമായി എക്‌സറേ എടുത്തിരുന്നു. എക്‌സറേയിലാണ് രണ്ട് കിലോ തൂക്കം വരുന്ന ഭ്രൂണത്തെ അടിവയറ്റില്‍ കണ്ടെത്തിയത്.
ആരോഗ്യ രംഗത്ത് വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഈ അവസ്ഥയെ ലിത്തോപീഡിയന്‍ എന്നാണ് വിളിക്കുന്നത്. ഗര്‍ഭാവസ്ഥയിലിരിക്കെ ജീവന്‍ നഷ്ടപ്പെടുന്ന ഭ്രൂണം ഗര്‍ഭാശയത്തിന് പുറത്ത് സ്ഥിതി ചെയ്യുന്ന അവസ്ഥയാണ് ലിത്തോപീഡിയന്‍. ആസ്പത്രി ഡയറക്ടര്‍ മാക്രോ വര്‍ഗാസ് ലാസോ ഇതിനെ അസാധാരണങ്ങളില്‍ അപൂര്‍വ്വമായ കേസെന്നാണ് വിശേഷിപ്പിച്ചത്.
അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഡോക്ടര്‍ ഇവരുടെ വയറ്റില്‍ ഒരു ട്യൂമര്‍ ഉണ്ടെന്ന് പറഞ്ഞിരുന്നെന്നും അത് നീക്കം ചെയ്യുന്നതിന് വേണ്ടി ഓപ്പറേഷന്‍ നടത്തിയില്ലെന്നും എസ്‌റ്റെല പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് വേദനയോ, മറ്റു ശാരീരിക വൈഷമ്യങ്ങളോ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് പറയുന്നു. അന്ന് ഡോക്ടര്‍ പറഞ്ഞ ട്യൂമര്‍ ഗര്‍ഭ പാത്രത്തിനു പുറത്തായുള്ള ഈ ഭ്രൂണത്തിന്റെ വളര്‍ച്ചയായിരിക്കാം. എസ്‌റ്റെല മെലന്‍ഡെസയുടെ വയറ്റില്‍ ഭ്രൂണം കണ്ടത്തിയെങ്കിലും എസ്‌റ്റെലയുടെ പ്രായം കണക്കിലെടുത്ത് ഡോക്ടര്‍മാര്‍ ഇതിനെ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ വേണ്ടെന്ന് വച്ചിരിക്കുകയാണ്.
-എജെ-