കറാച്ചി: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ഉഷ്ണക്കാറ്റുമൂലം മരിച്ചവരുടെ എണ്ണം 1,200 കവിഞ്ഞു. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ ദുരന്തമാണ് ഉണ്ടായിരിക്കുന്നത്. സൂര്യാഘാതമേറ്റു ചികിത്സ തേടിയെത്തുന്നവരെക്കൊണ്ടു സിന്ധിലെ ആശുപത്രികള്‍ നിറഞ്ഞുകവിയുകയാണ്. കറാച്ചിയിലെ ആശുപത്രികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഡോക്ടര്‍മാരുടെയും മെഡിക്കല്‍ സ്റ്റാഫിന്റെയും അവധി റദ്ദാക്കി.
പ്രവിശ്യയിലെ മുഴുവന്‍ വിദ്യാലയങ്ങളും കോളജുകളും അടച്ചിടാന്‍ നിര്‍ദേശിച്ചതായി മുഖ്യമന്ത്രി അലി ഷാ അറിയിച്ചു. അത്യാവശ്യ ഓഫീസുകള്‍ മാത്രമേ പ്രവര്‍ത്തിക്കൂ. സ്ഥിതിഗതികള്‍ നേരിടാന്‍ സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. പാക് സൈന്യവും അര്‍ധ സൈനിക വിഭാഗമായ റേഞ്ചേഴ്‌സും പ്രത്യേക ചികിത്സാകേന്ദ്രങ്ങള്‍ തുറന്നു. സൂര്യാതാപത്തെത്തുടര്‍ന്നുണ്ടായ നിര്‍ജലീകരണം മൂലവും ഉദരരോഗങ്ങള്‍ മൂലവുമാണു മിക്ക മരണങ്ങളും സംഭവിച്ചത്. പ്രായമായവരും ദുര്‍ബലരുമാണു മരിച്ചവരില്‍ അധികവും. കറാച്ചിയില്‍ 45 ഡിഗ്രി സെഷ്യല്‍സാണു താപനില.
-എജെ-