ന്യൂഡല്‍ഹി: അച്ചടിപ്പിശക് കാരണമാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി നാമനിര്‍ദേശപത്രികയില്‍ നല്‍കിയ വിദ്യാഭ്യാസ യോഗ്യതയിലെ തെറ്റുകള്‍ വന്നതെന്ന് ബി.ജെ.പി . കേസ് നിലനില്‍ക്കുമെന്ന ഡല്‍ഹി മെട്രോ പൊളിറ്റന്‍ കോടതിയുടെ ഉത്തരവ് വന്നതിനു ശേഷം പ്രതിപക്ഷം സ്മൃതിയുടെ രാജി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു അവകാശവാദവുമായി പാര്‍ട്ടി രംഗത്തെത്തിയത്.
വ്യാജ ബിരുദ കേസില്‍ ശിക്ഷിക്കപ്പെട്ട എ.എ.പി നേതാവും മുന്‍ ഡല്‍ഹി മന്ത്രിയുമായ ജിതേന്ദര്‍ സിംഗ് തോമറുമായി സ്മൃതിയെ താരതമ്യപ്പെടുത്തേണ്ടതില്ലെന്നാണ് ബി.ജെ.പിയുടെ വാദം. നിങ്ങള്‍ക്ക് ഓറഞ്ചിനെ ആപ്പിളുമായി താരതമ്യം ചെയ്യാനാവില്ലെന്നാണ് ബി.ജെ.പി വക്താവ് നളിന്‍ കൊഹ്‌ലിയുടെ പ്രതികരണം. വ്യാജ രേഖയും അച്ചടിപ്പിശകും തമ്മിലുള്ള വ്യത്യാസം ആര്‍ക്കും തിരിച്ചറിയാനാവും. അതിനാല്‍ തന്നെ കേസ് വ്യാജരേഖ ചമച്ചതെന്ന് പറയാനാവില്ലെന്ന് ബി.ജെ.പി വക്താവ് സാമ്പിത് പത്ര വ്യക്തമാക്കി.