ലണ്ടന്‍: സൗരക്കൊടുങ്കാറ്റ് ഭൂമിയില്‍ തൊട്ടതായി രാജ്യാന്തര സൗരയൂഥ കാലാവസ്ഥാ കേന്ദ്രം.
രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലെ അമേരിക്കയുടെ ബഹിരാകാശ യാത്രികന് സ്കോട്ട് കെല്ലിയും സൗരക്കൊടുങ്കാറ്റ് ഭൂമിയെ സ്പര്‍ശിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച സൗരക്കൊടുങ്കാറ്റിനെ തുടര്‍ന്നു ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ധ്രുവദീപ്തികള്‍ ദൃശ്യമായി.
കൂടുതല്‍ ശക്തമായ സൗരക്കൊടുങ്കാറ്റ് ഇന്നു ഭൂമിയെ സ്പര്‍ശിക്കുമെന്നു ശാസ്ത്രജ്ഞര്‍ അറിയിച്ചു. ഉത്തര അമേരിക്കയെയാകും ഇതു കൂടുതലായി ബാധിക്കുകയെന്നാണു റിപ്പോര്‍ട്ട്. വൈദ്യുതി ശൃംഖലകള്‍, ഗ്ലോബല്‍ പൊസിഷനിങ് സംവിധാനം (ജി.പി.എസ്) എന്നിവയുള്‍പ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ഈ കൊടുങ്കാറ്റ്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് ഇത്രയും ശക്തിയേറിയ സൗരക്കൊടുങ്കാറ്റ് ഉണ്ടാകുന്നത്.
സൗരക്കൊടുങ്കാറ്റ് ഭൗമമണ്ഡലത്തില്‍ ഏകദേശം 100 കിലോമീറ്റര്‍ വരെ സമീപത്തെത്തുമ്പോഴാണ് ധ്രുവദീപ്തി ഉണ്ടാകുന്നത്.സൂര്യനില്‍നിന്നുള്ള പ്രോട്ടോണുകളുടെ പ്രവാഹത്തില്‍ നിന്നാണു സൗരക്കൊടുങ്കാറ്റ് രൂപപ്പെടുന്നത്.