കൊച്ചി: മാധ്യമങ്ങള്‍ക്ക് സോളാര്‍ അന്വേഷണ കമ്മീഷന്റെ വിമര്‍ശനം. അട്ടക്കുളങ്ങര വനിതാജയിലിലെ സന്ദര്‍ശക രജിസ്റ്റര്‍ തിരുത്തിയതായി കണ്ടെത്തിയിട്ടില്ലെന്ന് കമ്മീഷന് ചെയര്മാന് ജസ്റ്റിസ് ശിവരാജന് പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തില്‍ നിഗമനങ്ങളിലേക്ക് എത്തുന്നതേയുള്ളൂവെന്നും കമ്മീഷന് പറഞ്ഞു.
സോളാര്‍ കമ്മീഷന്റെ ഇന്നത്തെ സിറ്റിംഗ് തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് കമ്മീഷന് ചെയര്മാന് ജസ്റ്റിസ് ശിവരാജന് മാധ്യമങ്ങള്‍ ഉത്തരവാദിത്തത്തോടെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യണം എന്നാവശ്യപ്പെട്ടത്. തെളിവുകള്‍ ശേഖരിക്കുകയാണ് കമ്മീഷന് ഇപ്പോള്‍ ചെയ്യുന്നത്. നിഗമനങ്ങളില്‍ എത്തിയിട്ടില്ല. ഈ ഘട്ടത്തില്‍ കമ്മീഷന് കണ്ടെത്തി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം കഴിഞ്ഞ ദിവസം അട്ടക്കുളങ്ങര വനിതാജയില്‍ സൂപ്രണ്ട് നസീറ ബീവിയില്‍ നിന്ന് തെളിവെടുക്കുന്നതിനിടെ പല ചോദ്യങ്ങള്‍ക്കും തൃപ്തികരമായ ഉത്തരം ലഭിക്കാത്തതില്‍ കമ്മീഷന് അതൃപ്തി പ്രകടിപ്പിച്ചിരുന്നു .
സോളാര്‍ കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ സമീപനം പക്ഷപാതപരമായിരുന്നു എന്നുകാട്ടി പൊതുപ്രവര്ത്തകന് ജോയ് കൈതാരത്ത് ഇന്ന് കമ്മീഷനുമുമ്പാകെ സത്യവാങ്മൂലം നല്കി.
സോളാര്‍ പാനല്‍ സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് സരിതയെ ഫോണില്‍ വിളിച്ച ദേവികുളം പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷിജു കെ നായരുടെ മൊഴിയും കമ്മീഷന് ഇന്ന് രേഖപ്പെടുത്തി.