തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞതോടെ കൂട്ടിയും കിഴിച്ചും ജയപ്രതീക്ഷയിലാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍. എല്ലാവരും തന്നെ ഏറെക്കുറെ വിജയപ്രതീക്ഷയിലാണെന്നതാണ് ഇക്കുറി പ്രത്യേകത.
അറുപതിനായിരം വരെ വോട്ട് നേടി എം വിജയകുമാര്‍ വിജയിക്കുമെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറിയറ്റിന്റെ വിലയിരുത്തലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാവിലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റാണ് ഇക്കാര്യം വിലയിരുത്തിയത്. യു.ഡി.എഫ് 2500 മുതല്‍ ആറായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് കണക്കുകൂട്ടുന്നത്. ബിജെപി കഴിഞ്ഞ തവണ ഏഴായിരത്തില്പരം വോട്ടുണ്ടായിരുന്ന മണ്ഡലത്തില്‍ നാല്പത്തിയൊന്നായിരം വോട്ട് നേടാനാകുമെന്ന കണക്കു കൂട്ടലിലുമാണ്. ചൊവ്വാഴ്ചയാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍.
സി.പി.എം വിലയിരുത്തുന്നത്
കെ.എസ് ശബരീനാഥന് അമ്പത്തിരണ്ടായിരം മുതല്‍ അമ്പത്തിയഞ്ചായിരം വരെ വോട്ടു ലഭിക്കും. ബി.ജെ.പി 22,000 മുതല്‍ 25,000 വോട്ടു വരെ നേടാം. 56,000 മുതല്‍ അറുപതിനായിരം വരെ വോട്ട് എം.വിജയകുമാര്‍ നേടുമെന്നും കണക്കാക്കുന്നു.
പി സി ജോര്‍ജ്ജിന്റെ അഴിമതി വിരുദ്ധമുന്നണി സ്ഥാനാര്‍ത്ഥി കെ.ദാസ് മൂവായിരം വരെയും പി.ഡി.പിക്ക് എണ്ണൂറ് വരെയും വോട്ട് നേടുമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍.
പൂവച്ചലും, വെള്ളനാടും ഒഴികെ ആറു പഞ്ചായത്തുകളിലും എല്‍ഡിഎഫ് മുന്നിലെത്തുമെന്നും സിപിഎം കണക്കുകൂട്ടുന്നു. എല്‍ഡിഎഫിന് അനുകൂലമായ പരമാവധി വോട്ടുകള്‍ പോളിങ് ബൂത്തിലെത്തിക്കാനായതായാണ് പാര്‍ട്ടിവിലയിരുത്തല്‍. ക്രിസ്ത്യന്‍ നാടാര്‍ വോട്ടുകളില്‍ കാര്യമായ മാറ്റമൊന്നും സംഭവിക്കില്ലെന്നും പാര്‍ട്ടി വോട്ടുകള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ എന്നും കണക്കാക്കുന്നു. അതേസമയം ഇക്കുറി മുസ്ലീം വോട്ടുകളില്‍ നിന്ന് നിര്‍ണായകമായി പങ്ക് നേടാനായെന്ന് കണക്കാക്കുന്നുണ്ട്.
നിക്ഷ്പക്ഷ വോട്ടുകളിലും മുന്നിലെത്തുമെന്നാണ് സിപിഎം വിലയിരുത്തല്‍.
യുഡിഎഫ് കണക്കാക്കുന്നത്
ന്യൂനപക്ഷ വോട്ടുകളുടെ ധ്രൂവീകരണത്തിലാണ് യുഡിഎഫ് പ്രതീക്ഷ. നാടാര്‍, മുസ്ലീം വോട്ടുകള്‍ യു.ഡി.എഫിലേയ്ക്ക് കേന്ദ്രീകരിച്ചുവെന്നാണ് കണക്കാക്കുന്നത്. നായര്‍ വോട്ടുകളില്‍ നേരിയ ശതമാനം ബി.ജെ.പിയിലേയ്ക്ക് മാറിയതൊഴിച്ചാല്‍ വോട്ടു കുറയില്ലെന്നും കണക്കാകുന്നു. ഏതെല്ലാം രീതിയില്‍ വോട്ട് നഷ്ടപ്പെട്ടാലും കുറഞ്ഞത് 2500 വോട്ടിന് ജയിക്കുമെന്നാണ് കരുതുന്നത്. ഉഴമലയ്ക്കലൊഴികെ എല്ലാ പഞ്ചായത്തിലും ലീഡ് ചെയ്യുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. പൂവച്ചലും വെള്ളനാടും കൂടി നേടുന്ന അയ്യായിരം വോട്ടിന്റെ ഭൂരിപക്ഷം ഇടതു മുന്നണിക്ക് മറികടക്കാനാകില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ്. ബി.ജെ.പിക്ക് പരമാവധി 25,000 വോട്ടേ യു.ഡി.എഫ് കണക്കു കൂട്ടുന്നുള്ളൂ.
ബി.ജെ.പി നാല്പത്തിയൊന്നായിരം വോട്ടാണ് കണക്കാക്കുന്നത്.