ശ്രീശാന്തിന് കാത്തിരിക്കേണ്ടി വരും..ഐപിഎല്‍ ഒത്തുകളി കേസ് വിധി പറയുന്നത് മാറ്റിവെച്ചു

ന്യൂഡല്‍ഹി:ഐ.പി.എല്‍ ഒത്തുകളിക്കേസില്‍ പട്യാല കോടതി വിധി പറയുന്നത് മാറ്റിവച്ചു. അടുത്ത മാസം 25ലേക്കാണ് വിധി പറയുന്നത് മാറ്റി വച്ചത്. കേസില്‍ മക്കോക്ക നിയമം നിലനില്‍ക്കുമോ ഇല്ലയോ എന്നതിലാണ് ഇന്ന് കോടതി വിധി പറയാനിരുന്നത്.

കേസിന്റെ വിധി കേള്‍ക്കാന്‍ ശ്രീശാന്ത് ഡല്‍ഹിയില്‍ എത്തിയിരുന്നു. മഹാരാഷ്ട്രയിലെ സംഘടിത കുറ്റകൃത്യ നിയമമായ മക്കോക്ക ചുമത്തിയാണ് ഐ.പി.എല്‍ വാതുവെപ്പ് കേസിലെ കുറ്റപത്രം ഡല്‍ഹി പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.

രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചൗഹാന്‍, അജിത് ചാന്ദില എന്നിവരാണ് ഒത്തുകളിക്കേസില്‍ പ്രതികളായ താരങ്ങള്‍. ഇവരെ കൂടാതെ അധോലോക നായകന്മാരായ ദാവൂദ് ഇബ്രാഹിം, ചോട്ടാ ഷക്കീല്‍ ഉള്‍പ്പെടെ 42 പ്രതികളും കേസിലുണ്ട്. എന്നാല്‍ 36 പ്രതികള്‍ മാത്രമാണ് പിടിയിലായത്. വഞ്ചനാ കുറ്റത്തിും ഗൂഡാലോചനയ്ക്കുമുള്ള വകുപ്പുകളായിരുന്നു ആദ്യം ഇവര്‍ക്ക് ചുമത്തിയിരുന്നത്. തുടര്‍ന്ന് നിരവധി പേര്‍ ഉള്‍പ്പെട്ടിട്ടുള്ള കേസ് ആയതിനാല്‍ മക്കോക്ക നിയമം ചുമത്തുകയായിരുന്നു.

2013 മെയ് ഒമ്പതിന് മൊഹാലിയില്‍ നടന്ന രാജസ്ഥാന്‍ റോയല്‍സ്‌കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തില്‍ വാതുവെപ്പുകാരുടെ നിര്‍ദേശ പ്രകാരം ശ്രീശാന്ത് ഒത്തു കളിച്ചുവെന്നാണ് കേസ്. ശ്രീശാന്ത് രണ്ടാം ഓവറില്‍ 14 റണ്‍സ് വിട്ടു നല്‍കാന്‍ തീരുമാനിച്ചിരുന്നെന്നും എന്നാല്‍ 13 റണ്‍സ് വിട്ടുകൊടുക്കാനെ സാധിച്ചൊള്ളുവെന്നും ഡല്‍ഹി പോലീസ് ആരോപിച്ചു. വാതുവെപ്പുകാര്‍ക്ക് മനസിലാകാന്‍ പാന്റ്‌സില്‍ വെളുത്ത തൂവാല വച്ചുവെന്നും ഓവറിന് മുമ്പായി കൂടുതല്‍ വ്യായാമം ചെയ്തുവെന്നും പോലീസ് ആരോപിച്ചിരുന്നു. എന്നാല്‍ തനിക്ക് അധോലോക നായകന്മാരുമായി ബന്ധമില്ലെന്നും അതിനാല്‍ തന്റെ പേരില്‍ മക്കോക്ക ചുമത്തേണ്ട കാര്യമില്ലെന്നും ശ്രീശാന്ത് വാദിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: