തിരുവനന്തപുരം: ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള തരംതാണ നാടകമാണ് ശ്രീലക്ഷ്മിയുടെ നേതൃത്വത്തില്‍ അരുവിത്തുറയില്‍ നടന്നതെന്ന് ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വതി ഷോണ്‍. പപ്പയോട് ശത്രുതയുള്ളവര്‍ മനഃപൂര്‍വം പരിപാടി മുടക്കാനും പൊതുജനമധ്യത്തില്‍ അപമാനിക്കാനും നടത്തിയ നാടകമാണ് അരങ്ങേറിയതെന്ന് പാര്‍വതി ആരോപിച്ചു.
ശ്രീലക്ഷ്മിക്ക് പുറത്തുനിന്നുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയ കാരണങ്ങള്‍ വരെ സംഭവത്തിന് പിന്നിലുണ്ട്. കൃത്യമായ തിരക്കഥ അനുസരിച്ചാണ് കാര്യങ്ങള്‍ നടന്നത്. ശ്രീലക്ഷ്മിക്കൊപ്പം രണ്ട് കാറുകള്‍ നിറയെ ഗുണ്ടകളുണ്ടായിരുന്നു. ആയുധങ്ങളുമായാണ് അവര്‍ വേദിക്ക് പുറത്തെത്തിയത്. സാമ്പത്തിക നേട്ടം ലക്ഷ്യം വച്ചാണ് ശ്രീലക്ഷ്മിയുടെ നീക്കങ്ങളെന്നും പാര്‍വതി പറഞ്ഞു.
കോടതി ഉത്തരവില്ലാത്തതിനാലാണ് പപ്പയെ കാണാന്‍ അവരെ അനുവദിക്കാത്തത്. എന്നിട്ടും മാനുഷിക പരിഗണനയുടെ പേരില്‍ വെല്ലൂര്‍ ആശുപത്രിയില്‍ വന്ന് അദ്ദേഹത്തെ കാണാന്‍ അനുവദിച്ചിരുന്നു. ഇന്നലെയും തങ്ങള്‍ പ്രശ്‌നങ്ങള്‍ക്കൊന്നും പോകാതെ ആത്മസംയമനം പാലിക്കുകയായിരുന്നെന്നും പാര്‍വതി പറഞ്ഞു.