കുട്ടികള്‍ക്കുള്ള സൗജന്യ ജിപി സേവനത്തിന് ഇന്ന് തുടക്കമായി

ഡബ്ലിന്‍: കുട്ടികള്‍ക്കുള്ള സൗജന്യ ജിപി കെയര്‍ പദ്ധതിക്ക് തുടക്കമായി. 270,000 വരുന്ന കുട്ടികള്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുന്നത്. ജിപി വിസിറ്റ് കാര്‍ഡോ മെഡിക്കല്‍ കാര്‍ഡോ ഇല്ലാത്തവരാണിവര്‍. ജൂണ്‍ മധ്യത്തോടെ ആരംഭിച്ച രജിസ്ട്രേഷന്‍ ഇത് വരെ 79,000 ലേയ്ക്കെത്തിയിട്ടുണ്ട്. പദ്ധതിക്ക് സമ്മതം മൂളി 2,030 വരുന്ന ജിപിമാരും കരാറില്‍ ഒപ്പിട്ടു. ഫാമിലി ഡോക്ടര്‍മാരുടെ 84%വരുമിത്. ഡൊണീഗല്ലില്‍ 98% ഡോക്ടര്‍മാരും പിന്തുണക്കുകയാണ്. എന്നാല്‍ സൗത്ത് ടിപ്പറാറിയില്‍ പത്തൊമ്പത് ശതമാനം ഡോക്ടര്‍മാര്‍ മാത്രമാണ് ഒപ്പിട്ടിരിക്കുന്നത്.

ഡബ്ലിന്‍ 71%, നോര്‍ത്ത് ടിപ്പറാറി 71%, കില്‍ഡയര്‍ , വിക് ലോ, ഡണ്‍ ലോഗൈര്‍, ലൂത്ത് എന്നിവിടങ്ങളില്‍ 72% ഡോക്ടര്‍മാരും ഒപ്പിട്ടു. പുതിയ പദ്ധതി പ്രകാരം രണ്ട് വയസിലും അഞ്ച് വയസിലും ആരോഗ്യ സ്ഥിതി പരിശോധിക്കപ്പെടും. ആസ്തമയുള്ളവര്‍ക്ക് ചാക്രികമായി പരിചരണവും ലഭിക്കും. ഇതിനിടെ ആരോഗ്യമന്ത്രി ലിയോ വരേദ്ക്കര്‍ പദ്ധതിയെ തെറ്റായി വ്യാഖ്യാനിക്കുന്നുണ്ടന്ന് കുറ്റപ്പെടുത്തി സ്വതന്ത്ര ടിഡി മാറ്റി മഗ്രാത്ത് രംഗത്തെത്തി. കൂടാതെ പദ്ധതിയില്‍ ആശങ്കയുള്ള ജിപിമാരുമായി മന്ത്രി ചര്‍ച്ചകള്‍ക്ക് തയ്യാറാവണമെന്നും ആവശ്യപ്പെട്ടു. കുട്ടികളുടെ ജിപി സേവനം കൂടാതെ ഇന്ന് മുതല്‍ കുട്ടികള്‍ക്കും പതിനെട്ടിന് വയസിന് താഴെയുള്ള ക്യാന്‍സര്‍ രോഗികള്‍ക്കും മെഡിക്കല്‍ കാര്‍ഡ് നല്‍കുന്നതും ആരംഭിക്കുകയാണ്.

ജിപി കെയര്‍ കുട്ടികള്‍ക്ക് സൗജന്യമാക്കുക എന്നത് ആദ്യപടിയാണെന്നും ആഗസ്റ്റോടെ എഴുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കൂടി സൗജന്യജിപി ആരംഭിക്കുമെന്നും വരേദ്ക്കര്‍ വ്യക്തമാക്കുന്നുണ്ട്. ഓരോ ആറ് മാസം മുതല്‍ ഓരോ ഘട്ടവും നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ആവശ്യമായ സ്രോതസുണ്ടെങ്കില്‍ ഇത് തടസം കൂടാതെ മുന്നോട്ട് പോകുമെന്നും വരേദ്ക്കര്‍ വ്യക്തമാക്കുന്നു. യൂണിവേഴ്സല്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് ഏത് രീതിയില്‍ വേണമെങ്കിലും നടപ്പാക്കപ്പെടാമെന്നും ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും വരേദ്ക്കര്‍ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: