ന്യൂഡല്‍ഹി: നെഹ്‌റുവിനെക്കുറിച്ചുള്ള വിവരങ്ങളില്‍ വീക്കി പീഡിയയില്‍ തിരുത്ത്. തിരുത്തിന് പിന്നില്‍ കേന്ദ്രസര്‍ക്കാരാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. നെഹ്‌റുവിന്റെ പിതാവ് മോത്തിലാല്‍ നെഹ്‌റുവിന്റെ വിക്കി പേജും തിരുത്തിയ നിലയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തിരുത്ത് നടന്നിരിക്കുന്നത് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട ഐപി അഡ്രസില്‍ നിന്നാണ് കോണ്‍ഗ്രസ് ആരോപിച്ചു. ജവഹര്‍ലാല്‍ നെഹ്‌റുവിന് മുസ്ലീം പാരമ്പര്യമുണ്ടെന്ന് വരത്തക്ക രീതിയിലാണ് തിരുത്തുള്ളത്. ജൂണ്‍ 26 നാണ് നെഹ്‌റുവിന്റെ കുടുംബത്തെക്കുറിച്ചുള്ള വിവരത്തില്‍ മാറ്റം വരുത്തിയത്.
നെഹ്‌റുവിന്റെ മുത്തച്ഛന്‍ ഗംഗാധര്‍ മുസ്‌ലിം കുടുംബത്തിലാണ് ജനിച്ചതെന്നും ഗിയാസുദ്ദീന്‍ ഖാസി എന്ന പേരിലറിയപ്പെട്ട അദ്ദേഹം ബ്രിട്ടീഷുകാരില്‍ നിന്നും രക്ഷപ്പെടാനായി ഹിന്ദു മതത്തില്‍പ്പെട്ട പേര് സ്വീകരിക്കുകയായിരുന്നെന്നുമാണ് തിരുത്തിയെഴുതിയത്. ഇതാണ് പുതിയ വിവാദത്തിന് വഴിവച്ചിരിക്കുന്നത്. ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ തിരുത്തിയ ഭാഗങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.