പ്രേമത്തിന്റെ വ്യാജന്‍ വ്യാപകം; സിനിമ സംഘടനകള്‍ക്ക് മൗനം:അന്‍വര്‍ റഷീദ് രാജിക്കൊരുങ്ങുന്നു

 
തിരുവനന്തപുരം: സംവിധായകനും നിര്‍മാതാവുമായ അന്‍വര്‍ റഷീദ് ചലച്ചിത്ര സംഘടനകളില്‍നിന്നു രാജിക്കൊരുങ്ങുന്നു. ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ്് അസോസിയേഷന്‍ എന്നിവയില്‍നിന്നും അന്‍വര്‍ റഷീദ് രാജിവയ്ക്കും. ‘പ്രേമം’ സിനിമയുടെ വ്യാജ കോപ്പികള്‍ തടയാന്‍ സംഘടനകള്‍ ഒന്നും ചെയ്യുന്നില്ലെന്നാരോപിച്ചാണു രാജിക്കൊരുങ്ങുന്നത്. സെന്‍സര്‍ ചെയ്യാനായി ബോര്‍ഡിനു നല്‍കിയ കോപ്പിയാണു ചോര്‍ന്നതെന്നും അന്‍വര്‍ റഷീദ് പറയുന്നു.

പ്രേമത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നത് സംബന്ധിച്ച് രണ്ടാഴ്ച മുമ്പ് ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായി ചേര്‍ന്ന് ആന്റി പൈറസി സെല്ലിന് പരാതി നല്‍കിയിരുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെയും അനുബന്ധ സംഘടനകളോടെയും ശ്രദ്ധയിലേക്ക് ഈ കാര്യം അറിയിക്കുകയും ചെയ്തിരുന്നു അന്‍വര്‍ റഷീദ് പറയുന്നു, സിനിമാവ്യവസായത്തെ അടിതെറ്റിക്കുന്ന അത്രയേറെ ഗൗരവമേറിയ കുറ്റകൃത്യമുണ്ടായിട്ടും നടപടിയുണ്ടാകാത്തത് ആശങ്കപ്പെടുത്തുന്നുണ്ടെന്ന് പറയുന്ന അന്‍വര്‍,പ്രേമം എന്ന ചിത്രത്തിന് വേണ്ടി മാത്രം സംസാരിക്കുകയല്ലെന്നും പറയുന്നു. സിനിമ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ തന്നെ സിഡി കടകളിലും ഓണ്‍ലൈനിലും വ്യാജപതിപ്പെത്തിയാല്‍ സിനിമ വ്യവസായം തന്നെ അപകടത്തിലാകും.

നിലവില്‍ താന്‍ അംഗമായ എല്ലാ സിനിമ സംഘടനകളില്‍ നിന്നും രാജി വയ്ക്കുകയാണെന്നും അന്‍വര്‍ റഷീദ് പറയുന്നു. സംവിധായകന്‍ എന്ന നിലയില്‍ ഫെഫ്കയിലും, നിര്‍മ്മാതാവ് എന്ന നിലയില്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനിലും അംഗമാണ്, ഈ പറഞ്ഞ ഒരു സംഘടനകളിലൊന്നും ഇനി പ്രവര്‍ത്തിക്കാനില്ലെന്നും അന്‍വര്‍ റഷീദ് പറയുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: