മന്ത്രിക്കായി യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഒഴിവാക്കിയത് വിവാദത്തില്‍

ന്യൂഡല്‍ഹി: യാത്രാ സൗകര്യത്തിനു വേണ്ടി ലേയില്‍ നിന്ന് ഡല്‍ഹിയിലേക്കുളള എയര്‍ ഇന്ത്യ വിമാനം ഒരു മണിക്കൂര്‍ വൈകിപ്പിച്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്റെ നടപടി വിവാദമാവുന്നു. മന്ത്രിക്കും സഹായിക്കും യാത്രാ സൗകര്യമൊരുക്കാന്‍ വേണ്ടി ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് യാത്രക്കാരെ ഒഴിവാക്കിയതും കടുത്ത പ്രതിഷേധത്തിനു കാരണമായിരിക്കുകയാണ്. ജൂണ്‍ 24 ന് ആണ് വിവാദത്തിന് ആസ്പദമായ സംഭവം നടന്നത്.

വിമാനത്തിന്റെ വാതിലുകള്‍ അടച്ചിട്ടും പറന്നുയരാതെ മന്ത്രിക്കും സഹായിക്കുമായി കാത്തുകിടന്നു. മന്ത്രി എത്തിയപ്പോഴേക്കും മൂന്ന് യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടാണ് സീറ്റ് നല്‍കിയത് എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സംഭവം വിവാദമായതോടെ എയര്‍ ഇന്ത്യ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, വിമാനം താമസിച്ചതിനെ കുറിച്ച് അറിയില്ല എന്നും വിമാനം നേരത്തെ പുറപ്പെടാന്‍ തീരുമാനിച്ചതാവാമെന്നും മന്ത്രി വ്യക്തമാക്കി. താന്‍ ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മ്മല്‍ സിംഗുമൊത്ത് ‘സിന്ധു ദര്‍ശന്‍’ ആഘോഷത്തില്‍ പങ്കെടുക്കാനായി പോയിട്ട് മടങ്ങുമ്പോഴാണ് എയര്‍ ഇന്ത്യ വിമാനം പെട്ടെന്ന് സമയംമാറ്റിയത്.

ലേയില്‍ നിന്ന് ഹെലികോപ്ടറില്‍ മടങ്ങാനായിരുന്നു തീരുമാനിച്ചതെങ്കിലും വിപരീത കാലാവസ്ഥ മൂലം അതിനു സാധിച്ചില്ല. തുടര്‍ന്ന് 11.40 ന് ഉള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ മടങ്ങാമെന്ന് പറഞ്ഞതിനാല്‍ നിര്‍മ്മല്‍ സിംഗിനൊപ്പം വിമാനത്താവളത്തില്‍ എത്തി. എന്നാല്‍, 10.20 ന് ലേ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ വിമാനത്തിന്റെ വാതിലുകള്‍ എല്ലാം അടച്ച് പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു. ഇത് കണ്ട ഉപമുഖ്യമന്ത്രി സിവില്‍ ഏവിയേഷന്‍ മന്ത്രിയെ വിളിച്ച് കടുത്ത പ്രതിഷേധമറിയിച്ചു. അപ്രഖ്യാപിതമായി സമയം മാറ്റിയതിനെയാണ് വിമര്‍ശിച്ചത്. അല്‍പ്പസമയത്തിനു ശേഷം തങ്ങളെ വിമാനത്തില്‍ കയറാന്‍ അനുവദിച്ചുവെന്നും റിജിജു പറയുന്നു. എന്നാല്‍, തങ്ങള്‍ക്ക് വേണ്ടി മൂന്ന് യാത്രക്കാരെ ഇറക്കിവിട്ടതായി അറിയില്ല. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: