ബെര്‍ലിന്‍: ജര്‍മ്മനിയിലെ വോക്‌സ്‌വാഗന്‍ കാര്‍ നിര്‍മാണശാലയില്‍ റോബോട്ട് കോണ്‍ട്രാക്ടറെ അടിച്ചു കൊന്നു. റോബോട്ടിനെ സെറ്റ് ചെയ്യുന്ന ടീമിലെ അംഗമായ ഇരുപത്തിരണ്ടുകാരനാണ് മരിച്ചത്. ഫ്രാങ്ക്ഫര്‍ട്ടിനടുത്തുള്ള ബൗണാതില്‍ തിങ്കളാഴ്ചയാണ് സംഭവം.
സെറ്റ് ചെയ്യുന്നതിനിടെ റോബോട്ട് യുവാവിനെ പിടികൂടി ഒരു ഇരുമ്പ് ഫലകത്തില്‍ അടിക്കുകയായിരുന്നു. സംഭവസമയത്ത് തന്നെ യുവാവ് കൊല്ലപ്പെട്ടു. ഈ സമയം കൂടെയുണ്ടായിരുന്ന മറ്റൊരു കോണ്‍ട്രാക്ടര്‍ റോബോട്ടിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപെട്ടു.
റോബോട്ടിന്റെ പ്രശ്‌നം കൊണ്ടല്ല അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനമെന്ന് വോക്‌സ്‌വാഗന്‍ കമ്പനി വക്താവ് ഹെയ്‌കോ ഹില്‍വിഗ് പറഞ്ഞു. സാധാരണ നിര്‍മാണ പ്ലാന്റിലെ ഒറ്റപ്പെട്ട സ്ഥലത്ത് വച്ചാണ് റോബോട്ടിനെ സെറ്റ് ചെയ്തിരുന്നതെന്ന് പറഞ്ഞ വക്തവ് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ല. സംഭവത്തെപ്പറ്റി അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് 100 കിലോമീറ്റര്‍ വടക്ക് മാറിയാണ് വോക്‌സ്‌വാഗന്റെ ജര്‍മനിയിലെ നിര്‍മാണ യൂണിറ്റ്.
വാഹനത്തിന്റെ വിവിധ ഭാഗങ്ങള്‍ സംയോജിപ്പിക്കുന്നതിനാണ് യൂണിറ്റില്‍ റോബോട്ടുകളെ ഉപയോഗിച്ചു വരുന്നത്.
കേസ് റജിസ്റ്റര്‍ ചെയ്യുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ആര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്യുമെന്ന കാര്യത്തിലാണ് സംശയം നിലനില്‍ക്കുന്നതെന്ന് ജര്‍മന്‍ വാര്‍ത്താ ഏജന്‍സിയായ ഡിപിഎ റിപ്പോര്‍ട്ട് ചെയ്തു.