ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി കേന്ദ്രസേന വേണമെന്ന തമിഴ്‌നാടിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. അണക്കെട്ടിന്റെ സുരക്ഷ തീരുമാനിക്കേണ്ടതു കേരളമാണ്. കേരളം ആവശ്യപ്പെടാതെ സിഐഎസ്എഫ് സുരക്ഷ അനുവദിക്കാനാവില്ല. ഇക്കാര്യം തമിഴ്‌നാടിനെ പല തവണ രേഖാമൂലം അറിയിച്ചതാണന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയിലാണു നിലപാട് അറിയിച്ചത്.
സുരക്ഷാകാര്യത്തില്‍ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി എടുത്ത തീരുമാനത്തോടു യോജിക്കുന്നെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. മുല്ലപ്പെരിയാറില്‍ കേരള പോലീസും വനംവകുപ്പും ഏര്‍പ്പെടുത്തിയ സുരക്ഷ തൃപ്തികരമാണ്. ക്രമസമാധാനപാലനം സംസ്ഥാന സര്‍ക്കാരുകളുടെ അധികാരപരിധിയിലാണന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി കേന്ദ്ര സേനയെ വിന്യസിക്കണമെന്നും പുതിയ അണക്കെട്ടിനായി കേരളം നടത്തുന്ന നീക്കങ്ങള്‍ തടയണമെന്നും ആവശ്യപ്പെട്ടുള്ള രണ്ടു ഹര്‍ജികള്‍ വെള്ളിയാഴ്ച സുപ്രീം കോടതിയില്‍ പരിഗണനയ്ക്കു വരുന്നുണ്ട്. ചീഫ് ജസ്റ്റീസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ചാണു ഹര്‍ജികള്‍ പരിഗണിക്കുന്നത്.
-എജെ-