ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് പാക് ഭീകര സംഘടനകളുടെ ആക്രമണ ഭീഷണിയുണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തയിബ തുടങ്ങിയ ഭീകര സംഘടനകളാണ് അണക്കെട്ട് ആക്രമിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പ് ഉണ്ടെന്നും തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
ഈ ഭീഷണി ചെറുക്കാന്‍ അണക്കെട്ടിന് സിഐഎസ്എഫിന്റെ തന്നെ കാവല്‍ വേണം. മുല്ലപ്പെരിയാറില്‍ സിഐഎസ്എഫ് സുരക്ഷ വേണ്ടെന്ന കേന്ദ്ര നിലപാടിനാണ് തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയില്‍ മറുപടി നല്‍കിയിരിക്കുന്നത്.
ക്രമസമാധാനമെന്നത് സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന കാര്യമാണെന്നും കേരള സര്‍ക്കാര്‍ ആവശ്യപ്പെടാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കേന്ദ്രസേനയെ വിന്ന്യസിക്കാന്‍ സാധിക്കില്ലെന്നും സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തമിഴ്‌നാടിന്റെ ഹര്‍ജി തള്ളുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടിയിലാണ് തമിഴ്‌നാട് പുതിയ വാദമുഖവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഭീകരരുടെ ആക്രമണം ഉണ്ടായാല്‍ അതുനേരിടാന്‍ കേരള പൊലീസിന് സാധിക്കില്ലെന്നും അണക്കെട്ടിന്റെ സുരക്ഷയും രാജ്യ താല്‍പര്യവും മുന്‍നിര്‍ത്തി കേന്ദ്ര സേനയെ സുരക്ഷ ഏല്‍പ്പിക്കണമെന്നാണ് തമിഴ്‌നാട് ആവശ്യപ്പെടുന്നത്. 2014 ആഗസ്റ്റ് 16 ന് നല്‍കിയ രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് സുപ്രീംകോടതിയെ ഇക്കാര്യങ്ങള്‍ അറിയിച്ചിരിക്കുന്നത്.