സാന്റിയാഗോ: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ചിലിക്ക് ചരിത്രവിജയം. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് അര്‍ജന്റീനയെ ചിലി പരാജയപ്പെടുത്തിയത്. നിശ്ചിതസമയത്തും അധികസമയത്തും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനാകാത്തതിനാല്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെയായിരുന്നു ചിലി വിജയം സ്വന്തമാക്കിയത്. ഷൂട്ടൗട്ടില്‍ അര്‍ജന്റീനയുടെ ഹിഗ്വയ്‌നും ബനേഗയും കിക്കുകള്‍ പാഴാക്കി . ഫെര്‍ണാണ്ടസ്, വിദാല്‍, അരാന്‍ക്വിസ്, സാഞ്ചസ് എന്നിവര്‍ ചിലിക്കായി ഗോള്‍ നേടി.
ചിലിയുടെ 99 വര്‍ഷത്തെ കാത്തിരിപ്പിലേക്കായിരുന്നു അലക്‌സി സാഞ്ചസിന്റെ സ്‌പോട്ട് കിക്ക്. സെര്‍ജിയോ റൊമേറോ സാഞ്ചസിന് മുന്നില്‍ കാഴ്ചക്കാരനായപ്പോള്‍ ചിലി ലാറ്റിനമേരിക്കയുടെ നെറുകയിലെത്തി.ലയണല്‍ മെസ്സി കളിമികവിന്റെ നിഴലായപ്പോള്‍ അര്‍ജന്റീന വിയര്‍ത്തു. പന്ത് ഭൂരിഭാഗം സമയവും ആദ്യകിരീടത്തിനായി ഹൃദയം കൊണ്ടുകളിച്ച ചിലിയുടെ കാലിലായിരുന്നു. നിശ്ചിതസമയത്തും അധികസമയത്തും ഗോളൊഴിഞ്ഞുനിന്നു. ഷൂട്ടൗട്ടില്‍ മെസ്സിക്ക് മാത്രമേ ലക്ഷ്യംകാണാനായുള്ളൂ.
ഹിഗ്വയ്‌ന് ഉന്നം പിഴച്ചപ്പോള്‍ ബനേഗയുടെ കിക്ക് ചിലി ക്യാപ്റ്റന്‍ ബ്രാവോ തട്ടിയകറ്റി.ചിലിക്കുവേണ്ടി ഫെര്‍ണാണ്ടസും വിദാലും അരാന്‍ഗ്വിസും സാഞ്ചസും ലക്ഷ്യം കണ്ടു.
-എജെ-