യൂറോപ്യന്‍ യൂണിയനില്‍ തുടരണോ? ഗ്രീസില്‍ ഇന്ന് ജനഹിത പരിശോധന

ഏതന്‍സ്: സമയപരിധി പിന്നിട്ടിട്ടും അന്താരാഷ്ട്ര നാണയനിധിയിലേക്ക് (ഐ.എം.എഫ്.) നല്‍കേണ്ട 170 കോടി ഡോളര്‍ ഗ്രീസിന് തിരിച്ചടയ്ക്കാനാകാതെ നട്ടം തിരിയുന്ന ഗ്രീസില്‍ ഇന്ന് ജനഹിതപരിശോധന. യൂറോപ്യന്‍ യൂണിയന്റെ ഭാഗമായി ഗ്രീസ് തുടരണോ എന്ന കാര്യത്തില്‍ തിരുമാനമെടുക്കാനാണ് പ്രധാനമന്ത്രി അലക്‌സ് സിപ്രസിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ന് ജനഹിത പരിശോധന നടത്തുന്നത്. അഭിപ്രായ വോട്ടെടുപ്പില്‍ അനുകൂലിക്കുന്നവര്‍ 44.8 ശതമാനവും എതിര്‍ക്കുന്നവര്‍ 43.4 ശതമാനവുമാണ്. എന്നാല്‍ 74 ശതമാനം പേരും യൂറോ തന്നെ കറന്‍സിയായി തുടരണമെന്നുള്ളവരാണ്. 15 ശതമാനം പേര്‍ മാത്രമാണ് ദേശീയ കറന്‍സിയിലേക്ക് തിരിച്ചുപോകണമെന്ന് പറഞ്ഞത്.

കടപ്രതിസന്ധിയിലുഴലുന്ന ഗ്രീസ് ജൂണ്‍ 30ന് 170 കോടി ഡോളര്‍ തിരിച്ചടയ്ക്കണമെന്നായിരുന്നു വ്യവസ്ഥ. അതിനിടെ, പ്രതിസന്ധി പരിഹരിക്കാന്‍ രണ്ടുവര്‍ഷത്തെ സാവകാശം ചാദിച്ചുകൊണ്ടുള്ള നിര്‍ദേശങ്ങള്‍ ഗ്രീസ് യൂറോപ്യന്‍ യൂണിയന് മുമ്പാകെ അവതരിപ്പിച്ചു. യൂറോപ്യന്‍ യൂണിയനും ചില പുതിയ നിര്‍ദേശങ്ങളുമായി രംഗത്തെത്തി. യൂറോപ്യന്‍ യൂണിയനും ഐ.എം.എഫും മുന്നോട്ട് വെച്ച കടുത്ത സാമ്പത്തിക അച്ചടക്കനടപടികളുള്ള രക്ഷാപദ്ധതി ഗ്രീസില്‍ നടപ്പാക്കുന്ന കാര്യത്തില്‍ ജനങ്ങളുടെ അഭിപ്രായമറിയാനാണ് ഇന്നത്തെ റെഫറണ്ടം നടക്കുന്നത്. നികുതിഭാരം അടിച്ചേല്‍പ്പിക്കുന്ന സാമ്പത്തിക പാക്കേജാണ് യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചത്. എല്ലാ മേഖലകളിലും അധിക നികുതി ചുമത്തുന്നതും പെന്‍ഷന്‍ തുക വെട്ടിച്ചുരുക്കുന്നതും തൊഴില്‍ നിയമങ്ങള്‍ ഇളവ് ചെയ്യുന്നതുമുള്‍പെടെ കടുത്ത വ്യവസ്ഥകളാണ് സഹായ പാക്കേജിലുള്ളത്. ഇനിയുള്ള ഓരോ വര്‍ഷവും ഒരു ശതമാനം അധികമെന്ന തോതില്‍ ബജറ്റ് മിച്ചം വരുത്തണമെന്നും ശിപാര്‍ശ ചെയ്യുന്നുണ്ട്. ഇതു സ്വീകരിക്കണോ വേണ്ടയോ എന്നത് രാജ്യത്തെ ജനത്തിന് വിട്ടുകൊടുക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇതിനെതിരെ അനൂകൂലമായും പ്രതികൂലമായും നിരവധി പ്രകടനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. പ്രധാനമന്ത്രി സിപ്രോസിയുടെ നേതൃത്വത്തില്‍ അരലക്ഷത്തോളം പേരാണ് യുഎന്‍ രക്ഷാപദ്ധതിയെ എതിര്‍ത്ത് തലസ്ഥാനമായ ആതന്‍സില്‍ നടന്ന റാലിയില്‍ പങ്കെടുത്തത്. അദ്ദേഹം ജനഹിത പരിശോധനയ്ക്ക് ആഹ്വാനം ചെയ്യുകയും ചെയ്തു. ‘ഞായറാഴ്ച നാം യൂറോപ്പിന്റെ ഭാഗമാണെന്നു മാത്രമല്ല, അഭിമാനത്തോടെ ജീവിക്കുന്നവര്‍ കൂടിയാണെന്നാണ് തീരുമാനിക്കാന്‍ പോകുന്നത്. ഇത് ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യന്റെയും യൂറോപ്യന്‍ മൂല്യങ്ങളുടെയും പോരാട്ടമാണ്’ അദ്ദേഹം പറഞ്ഞു. അടിയന്തര സഹായത്തിനുള്ള അപേക്ഷ നിരസിച്ച യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ നടപടി ക്രൂരമാണെന്നാണ് ധനമന്ത്രി യാനിസ് വരോഫാക്കീസ് അഭിപ്രായപ്പെട്ടത്.

ഗ്രീസിന്റെ ഭാവി നിര്‍ണയിക്കുന്ന ഇന്നത്തെ റെഫറണ്ടത്തില്‍ പോളിംഗ് ശതമാനം കൂടുതലായിരിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇന്ന് നടക്കുന്ന വോട്ടെടുപ്പില്‍ ഇ.യു രക്ഷാപദ്ധതിക്ക് അനുകൂലമാണ് ജനമെങ്കില്‍ ഹിതപരിശോധനക്ക് ആഹ്വാനം ചെയ്ത പ്രധാനമന്ത്രിക്ക് പുറത്തേക്ക് വഴിതുറക്കും. അതല്ല, എതിരാണെങ്കില്‍ ഗ്രീസ് യൂറോപ്യന്‍ യൂനിയനു പുറത്താകുമെന്ന് ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും യൂറോപ്യന്‍ കമീഷന്‍ മേധാവി ജീന്‍ ക്‌ളോഡ് ജങ്കറും മുന്നറിയിപ്പ് നല്‍കുന്നു. ഗ്രീസിനെ യൂറോസോണില്‍ നിന്നു പുറത്താക്കിയാല്‍ കനത്ത ആഘാതമാകും 19 അംഗങ്ങളുള്ള മേഖലക്ക് ഉണ്ടാക്കുക. ജര്‍മനിക്കാണ് വായ്പയില്‍ 60 ശതമാനവും നല്‍കാനുള്ളത്. എന്നാല്‍ യൂറോസോണില്‍ നിന്നു പുറത്താകുന്ന പക്ഷം പിടിച്ചു നില്‍ക്കാന്‍ റഷ്യയേയും ചൈനയേയും ഗ്രീസ് സമീപിക്കുമെന്ന സൂചനയുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: