പരിക്ക്;ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ റയാന്‍ ഹാരിസ് കളിനിര്‍ത്തുന്നു

മെല്‍ബണ്‍: ആഷസ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ റയാന്‍ ഹാരിസ് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചു. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ഹാരിസ് കളി മതിയാക്കുന്നത്. 2001നു ശേഷം ആദ്യമായി ഇംഗ്ലണ്ടിനെ അവരുടെ മണ്ണില്‍ തോല്‍പിച്ച് ആഷസ് നേടാന്‍ കൊതിക്കുന്ന ഓസിസിന് കനത്ത തിരിച്ചടിയാണ് ഹാരിസിന്റെ അഭാവം.

2009ലാണ് ഹാരിസ് ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. ഏറെ നാള്‍ അഭ്യന്തര ക്രിക്കറ്റില്‍ ശോഭിച്ചതിന് ശേഷമായിരുന്നു റയാന്‍ ഹാരിസിന്റെ ഏകദിന അരങ്ങേറ്റം. എന്നാല്‍ 2012 ന് ശേഷം താരത്തിന് ഓസ്‌ട്രേലിയന്‍ ഏകദിന ടീമില്‍ ഇടംപിടിക്കാനായില്ല. 44 ഏകദിന വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുള്ള ഹാരിസിന്റെ മികച്ച പ്രകടനം 19 റണ്‍സിന് അഞ്ചുവിക്കറ്റുകള്‍ എന്നതാണ്. 2010 മാര്‍ച്ചില്‍ ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റിലും അരങ്ങേറി. 27 ടെസ്റ്റുകളില്‍നിന്നായി 113 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.

ആഷസിന് മുന്നോടിയായി എസെക്‌സിനെതിരെ നടന്ന സന്നാഹമത്സരത്തിനിടയില്‍ നടന്ന രണ്ടുഘട്ട സ്‌കാനിങ്ങുകളിലും തനിക്ക് ടൂര്‍ണമെന്റില്‍ കളിക്കാനാകില്ല എന്ന ഫലം തന്നതോടെയാണ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാന്‍ ഹാരിസ് തീരുമാനിച്ചത്. ഹാരിസിന് പകരക്കാരനായി പാറ്റ് കമ്മിന്‍സിനെ ആസ്‌ട്രേലിയന്‍ ടീമില്‍ ഉള്‍പ്പെടുത്തി.

-എജെ-

Share this news

Leave a Reply

%d bloggers like this: