വ്യാപം കുംഭകോണം…ദുരൂഹമരണങ്ങള്‍തുടരുന്ന സാഹചര്യത്തിലും സിബിഐ അന്വേഷണമില്ല

ന്യൂഡല്‍ഹി: ദുരൂഹമരണങ്ങള്‍ തുടരുന്ന സാഹചര്യത്തിലും വ്യാപം കുംഭകോണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. മധ്യപ്രദേശ് പോലീസ് നടത്തുന്ന അന്വേഷണത്തില്‍ മധ്യപ്രദേശ് ഹൈക്കോടതിയും സുപ്രീം കോടതിയും തൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

72 മണിക്കൂറിനിടെ മൂന്ന് ദുരൂഹമരണങ്ങള്‍ കൂടി നടന്നതിന്റെ പശ്ചാത്തലത്തിലാണ് സി.ബി.ഐ അന്വേഷണമെന്ന ആവശ്യം ശക്തമായത്. എന്നാല്‍ ഇപ്പോള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കേണ്ടതില്ലെന്ന നിലപാടിലാണ് രാജ്‌നാഥ് സിങ്. ഏറ്റവുമെടുവില്‍ വ്യാപം കുംഭകോണത്തിലൂടെ നിയമനം നേടിയ പോലീസ് ട്രെയിനി അനാമികയാണ് ഇന്ന് മരിച്ചത്. അഴിമതി അന്വേഷിച്ചിരുന്ന ജബല്‍പ്പൂര്‍ എം.എസ് മെഡിക്കല്‍ കോളജ് ഡീന്‍ അരുണ്‍ ശര്‍മ്മയെ ഞായറാഴ്ച രാവിലെ ഡല്‍ഹിയിലെ ഹോട്ടലിലും മാധ്യമപ്രവര്‍ത്തകനായ അക്ഷയ് സിങ്ങിനെ ശനിയാഴ്ചയും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

ഇതോടെ വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് ദുരൂഹസാഹചര്യത്തില്‍ മരിച്ചവരുടെ എണ്ണം 47 കവിഞ്ഞു. അതിനിടെ വധഭീഷണി നേരിട്ടാലും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പങ്ക് പുറത്തു കൊണ്ടുവരുമെന്ന് വ്യാപം കുംഭകോണം പുറത്തു കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകന്‍ ആഷിഷ് ചതുര്‍വേദി പറഞ്ഞു. സമീപകാലത്ത് തനിക്കെതിരെ പത്തിലധികം തവണ വധഭീഷണി ഉയര്‍ന്നു. എങ്കിലും തന്റെ ദൗത്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ചതുര്‍വേദി പറഞ്ഞു. വധഭീഷണിയെ തുടര്‍ന്ന് ചതുര്‍വേദിക്ക് സംരക്ഷണം നല്‍കണമെന്ന് അടുത്തിടെ സംസ്ഥാനത്തെ ഒരു പ്രാദേശിക കോടതി ഉത്തരവിട്ടിരുന്നു.

Share this news

Leave a Reply

%d bloggers like this: