വ്യാപം അഴിമതി: സിബിഐ അന്വേഷണത്തിന് തയ്യാറെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍; വീണ്ടും ദുരൂഹമരണം

ന്യൂഡല്‍ഹി: വ്യാപം നിയമനതട്ടിപ്പില്‍ സിബിഐ അന്വേഷണത്തിന് തയ്യാറെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. ജനതാല്‍പ്പര്യത്തെ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കേസുമായി ബന്ധപ്പെട്ടവര്‍ ദിനംപ്രതി ദുരൂഹസാഹചര്യത്തില്‍ മരണപ്പെടുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരുന്നു. വ്യാപം അഴിമതിയില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങും മൂന്ന് അഴിമതി വിരുദ്ധ പ്രവര്‍ത്തകരും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി വ്യാഴാഴ്ച്ച പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചതിന് പിന്നാലെയാണ് കേസ് സിബിഐക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം.

അഴിമതിയില്‍ പങ്കുണ്ടെന്ന് ആരോപണമുയര്‍ന്ന രാം നരേഷ് യാദവിനെ മധ്യപ്രദേശ് ഗവര്‍ണര്‍സ്ഥാനത്തുനിന്ന് നീക്കംചെയ്യണമെന്ന ഹര്‍ജിയോടൊപ്പം ഈ ഹര്‍ജിയും പരിഗണിക്കാമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു അധ്യക്ഷനായ ബഞ്ച് അറിയിച്ചിട്ടുണ്ട്.

ഇതേസമയം കേസുമായുള്ള ബന്ധമുള്ള ഒരാള്‍ കൂടി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് കോണ്‍സ്റ്റബിള്‍ രമാകാന്ത് പാണ്ഡെയാണ് ദുരൂഹമായ നിലയില്‍ മരിച്ചതായി കണ്ടെത്തിയത്. രമാകാന്തിനെ ടിക്കാംഗഡ്ഡിലെ പൊലീസ് ടൂറിസ്റ്റ് ഔട്ട്‌പോസ്റ്റില്‍ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വ്യാപം വഴി അനധികൃത നിയമനം ലഭിച്ചുവെന്നാരോപിച്ച് കേസില്‍ നാലു മാസം മുമ്പ് രമാകാന്തിനെ ചോദ്യം ചെയ്തിരുന്നു. ഇതോടെ വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് മണിക്കൂറുകള്‍ക്കകം മരിച്ചവരുടെ എണ്ണം അഞ്ചായി. വ്യാപം കേസുമായി ബന്ധപ്പെട്ടാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്ന ആരോപണം പൊലീസ് നിഷേധിച്ചു. പാണ്ഡെ തികഞ്ഞ മദ്യപാനിയായിരുന്നുവെന്നും വിഷാദത്തിന് അടിമപ്പെട്ടിരുന്നുവെന്നും ഇതാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: