ഡബ്ലിന്‍: വിവേചനവും ഒരേ തരത്തിലുള്ള ആക്രമണങ്ങളും യുവാക്കളായ കുടിയേറ്റക്കാര്‍ക്ക് സഹിക്കേണ്ടി വരുന്നതായി റിപ്പോര്‍ട്ട്. ഇമിഗ്രേഷന്‍ കൗണ്‍സില്‍ ഓഫ് അയര്‍ലന്‍ഡിന്‍റേതാണ് റിപ്പോര്‍ട്ട്. സ്കൂള്‍, ജോലി സ്ഥലം, തെരുവുകള്‍ എന്നിവിടങ്ങളിലെല്ലാം വെച്ച് അപമാനം സഹിക്കേണ്ടി വരുന്നുണ്ടെന്ന് ഇവര്‍ വ്യക്തമാക്കുന്നു. ഗാര്‍ഡയടക്കമുള്ളവര്‍ കുടിയേറ്റക്കാരോട് വിവേചനം കാണിക്കുന്ന സംഭവങ്ങളുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മുസ്ലീം യുവാവിന് വംശീയമായ അധിക്ഷേപമടങ്ങുന്ന തമാശകളും ബാഗില്‍ ബോംബ് ഉണ്ടോ എന്ന ചോദ്യവും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ശാരീരിക ആക്രമണം നേരിട്ടവരും ഉണ്ട്. ഒരു പറ്റം കൗമാരക്കാര് ചേര്‍ന്ന് കുടിയേറ്റക്കാരനെ സിഗരറ്റ് കൊണ്ട് പൊള്ളിച്ചതടക്കം റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. ഇത് കൂടാതെയാണ് അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നത്. സ്പോര്‍ട് ക്ലബുകള്‍ പോലുള്ളവയില്‍ കുടിയേറ്റക്കാരേക്കാള്‍ മുന്‍ഗണന തദ്ദേശീയര്‍ക്കാണ് നല്‍കുന്നത്. തൊഴില്‍ അവസരങ്ങളുടെ കാര്യത്തില്‍ അഭിമുഖങ്ങള്‍ പോലുള്ളവയില്‍ അവസരനിഷേധമൊന്നും സംഭവിക്കുന്നില്ലെന്നാണ് ഏറെ പേരും പറയുന്നത്. എന്നാല്‍ തൊഴില്‍ കണ്ടെത്താന്‍ വളരെ പ്രയാസപ്പെടുന്നവരും ഉണ്ട്.
അതേ സമയംതന്നെ കറുത്ത വര്‍ഗക്കാരനെ ജോലിക്കെടുക്കാറില്ലെന്ന വിശദീകരണം കേള്‍ക്കേണ്ടി വന്ന ആഫ്രിക്കന്‍ വംശജരും അയര്‍ലന്‍ഡിലുണ്ട്. കുടിയേറ്റക്കാരുടെ കുട്ടികളെ സ്കൂള്‍ പഠനത്തിന് ശേഷവും പിന്തുണ നല്‍കുന്നതിന് സംവിധാനം വേണം, കൂടുതല്‍ കുടിയേറ്റ അദ്ധ്യാപകരെ നിയോഗിക്കണം. കുടിയേറ്റ വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസ ഗ്രാന്‍റ് നല്‍കണം. ദേശീയത നോക്കാതെ റസിഡന്‍സി പരിഗണിച്ച് ഗ്രാന്റ് കൊടുക്കുന്നത് പോലെ തന്നെ ഫീസില്‍ നിന്നും വിടുതല്‍ നല്‍കണം. സ്പോര്‍ട് ക്ലബുകള്‍ക്ക് വേണ്ടി വംശീയ വിരുദ്ധ ട്രെയ്നിങുകള്‍ വേണം. പതിനാറ് വയസിന് താഴെയുള്ളവര്‍ക്ക് രാജ്യത്തെ പെര്‍മനന്‍റ് റിസഡിന്‍സി സ്റ്റാറ്റസ് അനുവദിക്കണം. തുടങ്ങിയ നിര്‍ദേശങ്ങള്‍ ഇമിഗ്രേഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ചിട്ടുണ്ട്.