തമിഴ്‌നാട്ടില്‍ അന്യജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥിനിയെ പ്രണയിച്ച ദലിത് യുവാവിന്റെ കൈകാലുകള്‍ വെട്ടിമാറ്റി

 

ചെന്നൈ: അന്യജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥിനിയെ പ്രണയിച്ച ദലിത് യുവാവിന്റെ വലതു കൈയും വലതു കാലും വെട്ടിമാറ്റി. ഇന്ത്യന്‍ എക്‌സ്പ്രസ് പത്രമാണ് തമിഴ്‌നാട്ടിലെ വില്ലുപുരം ഗ്രാമത്തില്‍ നടന്ന ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തത്. പെണ്‍കുട്ടിയുടെ അമ്മാവനും കൂട്ടരുമാണ് അക്രമണം നടത്തിയതെന്ന് യുവാവ് പറഞ്ഞു. സംഭവം നടന്ന് നാലു മാസത്തിനുശേഷം ഇക്കാര്യം അറിഞ്ഞ് വാര്‍ത്ത നല്‍കാനെത്തിയ മാധ്യമപ്രവര്‍ത്തകന്റെ സഹായത്തോടെ യുവാവ് പൊലീസില്‍ പരാതി നല്‍കി. എന്നാല്‍, ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

തമിഴ്‌നാട്ടിലെ വില്ലുുപുരം സ്വദേശിയായ അതിമയുടെ (45) രണ്ടാമത്തെ മകന്‍ ജി സെന്തിലാണ് ഏപ്രില്‍ 16ന് ആക്രമിക്കപ്പെട്ടത്. മിനിബസ് ഡ്രൈവറായിരുന്ന സെന്തില്‍ പ്രദേശത്തുതന്നെയുള്ള മേല്‍ജാതി കുടുംബത്തിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായി പ്രണയത്തിലായിരുന്നു. സെന്തില്‍ ജോലി ചെയ്യുന്ന ബസിലെ പതിവു യാത്രക്കാരിയായിരുന്ന വിദ്യാര്‍ത്ഥിനിയുമായി രണ്ട് വര്‍ഷത്തിലേറെ പ്രണയം തുടര്‍ന്നു. ഇതിനിടെ, കുട്ടിയുടെ അമ്മാവന്‍ വിവരമറിയുകയും പെണ്‍കുട്ടിയുടെ കുടുംബത്തെ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന്, പെണ്‍കുട്ടി, കുടുംബത്തിന്റെ സമ്മര്‍ദ്ദം കാരണം ഇതില്‍നിന്ന് പിന്‍മാറി. അകല്‍ച്ചയുടെ കാരണം അറിയുന്നതിന് സമീപിച്ചപ്പോഴാണ് വിദ്യാര്‍ത്ഥിനി ഇക്കാര്യം അറിയിച്ചതെന്ന് സെന്തില്‍ പറഞ്ഞു.

പെണ്‍കുട്ടിയുമായി സംസാരിക്കുന്നത് കണ്ട ഒരാള്‍ അമ്മാവനെ വിവരമറിയിക്കുകയും ശല്യം ചെയ്തതായി കാണിച്ച് പെണ്‍കുട്ടിയുടെ പേരില്‍ സെന്തിലിന് എതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത സെന്തില്‍ റിമാന്റ് തടവിലായി. ജയിലില്‍നിന്ന് ഇറങ്ങിയപ്പോഴേക്കും ബസിലെ ജോലി നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് ഒരു ലോറിയില്‍ ഡ്രൈവറായി ജോലിക്ക് കയറി. അതിനിടെ, ഒരു ദിവസം ഒരു ബസില്‍ വെച്ച് യാദൃശ്ചികമായി പെണ്‍കുട്ടിയെ കാണാന്‍ ഇടയാവുകയും ഇക്കാര്യം പെണ്‍കുട്ടി മാതാപിതാക്കളെ അറിയിക്കുകയും ചെയ്തതായി സെന്തില്‍ പറയുന്നു. ഇതിനുശേഷമാണ് ഏപ്രില്‍ 16ന് ആക്രമണം നടന്നത്.

വില്ലുപുരം എംപ്ലായ്‌മെന്റ് എക്‌സ്‌ചേഞ്ചിന് അടുത്തുള്ള ഒരു കടയില്‍ നില്‍ക്കുമ്പോള്‍ അമ്മാവനും കൂട്ടരും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് സെന്തില്‍ പരാതിയില്‍ പറയുന്നു. ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം വലത് കൈയും വലത് കാലും മുറിച്ചു മാറ്റുകയായിരുന്നു. ഇതിനുശേഷം ഒരു റെയില്‍വേ ലൈനിന് അടുത്ത് തള്ളി. ഇവിടെ വെച്ച് അബോധാവസ്ഥയില്‍ സെന്തിലിനെ കണ്ട നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയെങ്കിലും ഭയം കാരണം പരാതി നല്‍കാന്‍ പോലും സെന്തിലിന് കഴിഞ്ഞില്ല. ഈ വിവരമറിഞ്ഞ എകസ്പ്രസ് ലേഖകന്‍ കാറല്‍ മാര്‍ക്‌സ് സമീപിച്ചപ്പോഴാണ് സെന്തില്‍ ഇക്കാര്യം പുറത്തു പറഞ്ഞത്. വാര്‍ത്ത വന്ന ശേഷം മാധ്യമപ്രവര്‍ത്തകന്റെ സഹായത്തോടെ പൊലീസ് സൂപ്രണ്ടിന് സെന്തില്‍ പരാതി നല്‍കി. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കിയതായും പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് സൂപ്രണ്ട് അറിയിച്ചു. എന്നാല്‍, കേസില്‍ ഇതുവരെ അറസ്റ്റ് ഉണ്ടായിട്ടില്ല.

Share this news

Leave a Reply

%d bloggers like this: