തിരുവന്തപുരം. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടു ചെയ്യാന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വക്ഷയോഗം തീരുമാനമാകാതെ പിരിഞ്ഞു. പ്രോക്സി വോട്ട് സംവിധാനം ഏര്‍പ്പെടുത്തുന്നതിനോടു ഭരണ- പ്രതിപക്ഷാംഗങ്ങള്‍ ഒരുപോലെ വിയോജിപ്പ് പ്രകടിപ്പിച്ചു. ഓണ്‍ലൈന്‍ വോട്ടിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം സാങ്കേതികമായി പരിശോധിക്കേണ്ടതുണ്ടെന്ന് പ്രതിപക്ഷാംഗങ്ങള്‍ ഉറച്ച നിലപാടെടുത്തതോടെയാണു യോഗം തീരുമാനമാകാതെ പിരിഞ്ഞത്. ഓണ്‍ലൈന്‍ വോട്ടിംഗ് സംബന്ധിച്ചു പഠിച്ചശേഷം ഒരാഴ്ചക്കകം തങ്ങളുടെ തീരുമാനം അറിയിക്കാമെന്ന് പ്രതിപക്ഷാംഗങ്ങളെ പ്രതിനിധീകരിച്ച് എ.കെ. ബാലന് എംഎല്‍എ യോഗത്തെ അറിയിച്ചു.
പ്രവാസി മലയാളികള്‍ക്കു വോട്ടവകാശം ഒരുക്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച നടത്തിയെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയ സമവായമുണ്ടാക്കിയാല്‍ തുടര്‍നടപടികള്‍ കൈക്കൊള്ളാമെന്ന് കമ്മീഷന് അറിയിച്ചതായും മന്ത്രി കെ.സി. ജോസഫ് യോഗത്തെ അറിയിച്ചു. പ്രോക്സി വോട്ടിംഗ് സംവിധാനം ഫലത്തില്‍ കള്ളവോട്ടിന് വഴിയൊരുക്കുമെന്ന് സിപിഎം പ്രതിനിധിയായ എ.കെ. ബാലന് എംഎല്‍എ പറഞ്ഞു. ഇ-വോട്ടിംഗ് ആയാലും ഇത്തരത്തിലുള്ള കള്ളക്കളികള്‍ നടക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. പ്രവാസികള്‍ക്ക് നാട്ടില്‍ നേരിട്ടെത്തി പാസ്പോര്‍ട്ട് ഉപയോഗിച്ച് വോട്ട് ചെയ്യാനുള്ള അവസരമാണുണ്ടാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്നത് നല്ലതാണെങ്കിലും അവരുടെ വോട്ടവകാശം മറ്റാരെങ്കിലും വിനിയോഗിക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യൂതാനന്ദന് പറഞ്ഞു