ഡബ്ലിന്‍:കേരളാ ഹൗസ് കോ ഓര്ഡീനേറ്ററും ഡബ്ലിനിലെ ട്രാവല്‍ ഏജന്‍സി ഉടമയുമായ വിനോദ് പിള്ള ബാഡ്മിന്‍ടണ്‍ അയര്‍ലണ്ടിന്റെ ലിന്‍സ്റ്റര്‍ പ്രൊവിന്‍സ് എക്സിക്യൂട്ടിവ് കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇതാദ്യമായാണ് ഐറിഷ് ഇതര പ്രതിനിധി ബാഡ്മിന്‍ടണ്‍ അയര്‍ലണ്ടിന്റെ പ്രൊവിന്‍സ് തലത്തിലുള്ള ഭാരവാഹിത്വത്തില്‍ ചുമതലയേല്‍ക്കുന്നത്.
ട്രെന്യൂര്‍ ബാഡ്മിന്‍ടണ്‍ സെന്ററില്‍ നടന്ന ലിന്‍സ്റ്റര്‍ പ്രൊവിന്‍സിന്റെ ജനറല്‍ ബോഡിയോഗമാണ് വിനോദ് പിള്ള അടങ്ങുന്ന കമ്മിറ്റിയെ തിരഞ്ഞെടുത്തത്.അയര്‍ലണ്ടിലെ ലിന്‍സ്റ്റര്‍ പ്രൊവിന്‍സിലുള്ള 12 കൗണ്ടികളിലെ ബാഡ്മിന്‍ടണ്‍ അയര്‍ലണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുകയും നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്ന ആറംഗ സമിതിയാണിത്.
അയര് ഫ്രണ്ട്സ് ബാഡ്മിന്‍ടണ്‍ ക്ലബ്ബിന്റെ സ്ഥാപകാംഗം കൂടിയായ വിനോദ് പിള്ളയുടെ തിരഞ്ഞെടുപ്പ് ഡബ്ലിന്‍ മേഖലയിലെ മലയാളികളായ ബാഡ്മിന്‍ടണ്‍ കളിക്കാര്‍ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. പ്രാദേശിക തലത്തില്‍ കൂടുതല്‍ കളിക്കാര്‍ക്കായി സൗകര്യങ്ങള്‍ ക്രമീകരിക്കാനും,മത്സരങ്ങള്‍ക്ക് നേതൃത്വം വഹിക്കാനും എക്സിക്യൂട്ടിവ് കമ്മിറ്റിയ്ക്ക് ഉത്തരവാദിത്വമുണ്ട്.