ഹരാരെ : ആവേശം അവസാന പന്തുവരെ ശേഷിപ്പിച്ച് സിംബാവെയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്കു ത്രസിപ്പിക്കുന്ന വിജയം. നാലു വിക്കറ്റിനാണ് മുന്‍ലോക ചാംപ്യന്‍മാരായ ഇന്ത്യ ക്രിക്കറ്റിലെ ഇത്തിരിക്കുഞ്ഞന്‍മാരായ സിംബാവെയെ അടിയറവു പറയിച്ചത്. ആദ്യ ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 255 എന്ന ഭേതപ്പെട്ട സ്‌കോര്‍ നേടി. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാവെയ്ക്ക് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. സിംബാവെയുടെ നായകന്‍ ചിഗുംബുര പുറത്താകാതെ 104 റണ്‍സ് എടുത്തെങ്കിലും വിജയം ഇന്ത്യ കൈയ്യെത്തിപ്പിടിക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യയുടെ മുന്‍നിര സിംബാവന്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്. മുരളി വിജയ്, രഹാനെ, മനോജ് തിവാരി എന്നിവരുടെ വിക്കറ്റുകള്‍ തുടക്കത്തിലെ വീണത് ഇന്ത്യന്‍ നിരയ്ക്ക് ക്ഷീണമുണ്ടാക്കി. എന്നാല്‍ അമ്പട്ടിറായിഡുവും സ്റ്റുവര്‍ട്ട് ബിന്നിയും നടത്തിയ രക്ഷാ പ്രവര്‍ത്തനത്തില്‍ ഇന്ത്യന്‍ സ്‌കോര്‍ ഭേതപ്പെട്ട നിലയിലെത്തുകയായിരുന്നു. റായിഡു പുറത്താകാതെ 124 റണ്‍സും ബിന്നി 77 റണ്‍സും എടുത്തു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ആദ്യ അഞ്ചു വിക്കറ്റുകള്‍ 85 റണ്‍സിനുളളില്‍ തന്നെ ബൗളര്‍മാര്‍ സ്വന്തമാക്കി.
മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാവെയും തകര്‍ച്ചയോടെയാണ് തുടങ്ങിയത്. എന്നാല്‍ സിംബാവന്‍ നായകന്‍ ചിഗുംബുര അത്ര പെട്ടെന്നു തോറ്റു കൊടുക്കാന്‍ തയ്യാറായിരുന്നില്ല. അവസാനം വരെ നായകന്‍ പൊരുതി നോക്കിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാരുടെ സമയോചിതമായ ഇടപെടലുകളിലൂടെ ഇന്ത്യ ആദ്യ വിജയം സ്വന്തമാക്കി. 160 റണ്‍സ് കണ്ടെത്തുന്നതിനിടെ സിംബാവെയ്ക്ക് തങ്ങളുടെ ആറു വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു. അവസാന ഒവറുകളില്‍ വിജയിക്കുമെന്ന പ്രതീക്ഷ നല്കിയെങ്കിലും സമ്മര്‍ദ്ദം അതിജീവിക്കാനാകാതെ സിംബാവന്‍ നിര തോല്‍വി നുണയുകയായിരുന്നു.