കടാശ്വാസ പാക്കേജിനു ഗ്രീക്ക് പാര്‍ലമെന്റിന്റെ അംഗീകാരം

 
ഏതന്‍സ്: യൂറോപ്യന്‍ യൂണിയനു സമര്‍പ്പിച്ച കടാശ്വാസ പാക്കേജിനു ഗ്രീക്ക് പാര്‍ലമെന്റിന്റെ അംഗീകാരം. ഭരണകക്ഷിയില്‍നിന്ന് ഉയര്‍ന്ന എതിര്‍പ്പു മറികടന്നാണ് പ്രധാനമന്ത്രി പാക്കേജിന് അംഗീകാരം നേടിയെടുത്തത്. യൂറോസോണ്‍ ധനമന്ത്രിമാര്‍ ഇന്ന് പാക്കേജ് വിലയിരുത്തും. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണു ഗ്രീക്ക് പാര്‍ലമെന്റ് കടാശ്വാസ പാക്കേജിന് അംഗീകാരം നല്‍കിയത്. വോട്ടെടുപ്പില്‍ പങ്കെടുത്ത 291ല്‍ 251 എംപിമാര്‍ പാക്കേജിനെ അനുകൂലിച്ചപ്പോള്‍ 32പേര്‍ എതിര്‍ത്തു. 8 പേര്‍ വിട്ടുനിന്നു.

എന്നാല്‍ ഭരണകക്ഷിയായ സിരിസയില്‍ നിന്നുള്ളവര്‍ തന്നെ പാക്കേജിനെ എതിര്‍ത്തു വോട്ട് ചെയ്തതു പ്രധാനന്ത്രി അലക്‌സി സിപ്രസിന് തിരിച്ചടിയായി. പെന്‍ഷന്‍ വെട്ടിക്കുറക്കുന്നതും നികുതി ഉയര്‍ത്താന്‍ അംഗീകാരം നല്‍കുന്നതുമായ പാക്കേജിലെ നിര്‍ദ്ദേശങ്ങളെക്കുറിച്ച് രൂക്ഷമായ വിമര്‍ശമാണ് ഉയര്‍ന്നത്. ഹിതപരിശോധനയില്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞ യൂറോപ്യന്‍ യൂണിയന്റെ നിര്‍ദേശങ്ങള്‍ക്ക് സര്‍ക്കാര്‍ കീഴടങ്ങുകയാണെന്ന് എതിരാളികള്‍ ആരോപിച്ചു.

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 5,350 കോടി യൂറോ അനുവദിക്കണമെന്നാണു ഗ്രീസിന്റെ ആവശ്യം. യൂറോപ്യന്‍ യൂണിയന്‍ പാക്കേജ് അംഗീകരിച്ചില്ലെങ്കില്‍ ജൂലൈ 20നു യൂറോപ്യന്‍ കേന്ദ്ര ബാങ്കിന് നല്‍കേണ്ട 300 കോടി യൂറോയുടെ വായ്പ തിരിച്ചടവ് മുടങ്ങും. ഒപ്പം രാജ്യത്തെ ബാങ്കുകള്‍ പണില്ലാതെ അനിശ്ചിതകാലത്തേക്ക് അടച്ചിടേണ്ടയും വരും.

പുതിയ പാക്കേജ് ഇന്നു വൈകീട്ട് ബ്രസല്‍സില്‍ ഇന്ന് വൈകീട്ട് ചേരുന്ന യൂറോസോണ്‍ ധനമന്ത്രിമാരുടെ യോഗം വിലയിരുത്തും. തുടര്‍ന്നു നാളെ ചേരുന്ന 28 അംഗ വിശാല യൂറോപ്യന്‍ യൂണിയന്‍ യോഗം പാക്കേജിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. പാക്കേജ് തള്ളുകയാണെങ്കില്‍ ഗ്രീസ് യൂറോസോണില്‍ പുറത്തു പോവുകയും പാപ്പരാവുകയും ചെയ്യും.
-എജെ-

Share this news

Leave a Reply

%d bloggers like this: