ചോറ്റാനിക്കര: തിരുവാങ്കുളത്തിനടുത്ത് ചോറ്റാനിക്കര കടുങ്ങമംഗലം സെന്റ് പീറ്റര്‍ ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ വന്‍ മോഷണം. പള്ളിയോട് ചേര്‍ന്നുള്ള കൈക്കാരന്റെ മുറി കുത്തിതുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. പള്ളിയില്‍ നേര്‍ച്ചയായി ലഭിച്ച ഒന്നര ലക്ഷം രൂപയും എട്ടു പവന്റെ ആഭരണങ്ങളുമാണ് കവര്‍ന്നത്. ശനിയാഴ്ച രാവിലെ ആറിന് പള്ളിയിലെത്തിയ കപ്യാരാണ് ആദ്യം വിവരമറിഞ്ഞത്. ഉടനെ പോലീസില്‍ അറിയിച്ചു. ചോറ്റാനിക്കര പോലീസെത്തി അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച രാത്രിയില്‍ ഈ മേഖലയില്‍ വൈദ്യുതി തടസപ്പെട്ടിരുന്നു. ഈ സമയത്തായിരിക്കും മോഷണം നടന്നിട്ടുണ്ടാകുകയെന്നു സംശയിക്കുന്നു. പള്ളിയുടെ സമീപമുള്ള സണ്‍ഡേ സ്‌കൂളിന്റെ വാതിലും കുത്തിപ്പൊളിച്ചിട്ടുണ്ട്. ഇവിടെ നിന്നു ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ശനി, ഞായര്‍ ദിവസങ്ങളിലാണ് ഈ ദേവാലയത്തില്‍ ദിവ്യബലിയുള്ളത്. കഴിഞ്ഞ 29 നായിരുന്നു പള്ളി തിരുന്നാള്‍. അന്നു പിരിഞ്ഞു കിട്ടിയ നേര്‍ച്ച പണമാണ് മോഷണംപോയത്.
-എജെ-