ചെന്നൈ: ബലാത്സംഗക്കേസില്‍ ഒത്തുതീര്‍പ്പിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന വിവാദ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ബലാത്സംഗത്തിന് ഇരയായ യുവതിയുമായി ഒത്തുതീര്‍പ്പിലെത്തുന്നതിന് പ്രതി വി മോഹനന് അനുവദിച്ച ജാമ്യവും കോടതി റദ്ദാക്കിയ കോടതി പ്രതിയോട് പ്രതിയോട് ഈ മാസം 13ന് കീഴടങ്ങാനും കോടതി നിര്‍ദേശിച്ചു. ജസ്റ്റീസ് പി.ദേവദാസ് ആണ് തന്റെ മുന്‍ വിധി റദ്ദാക്കി ഉത്തരവിറക്കിയത്.
വിവാദമായ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയടക്കം വിമര്‍ശനമുന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഹൈക്കോടതിയുടെ നടപടി ഗുരുതരമായ തെറ്റാണെന്നായിരുന്നു സുപ്രീംകോടതി നിരീക്ഷണം. മാനഭംഗക്കേസുകളില്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നത് സ്ത്രീത്വത്തെ അപമാനിക്കുന്നതിന് തുല്ല്യമാണെന്നായിരുന്നു സുപ്രീംകോടതിയുടെ നിലപാട്.ഹൈക്കോടതി വിധിയില്‍ രാജ്യമെങ്ങും വ്യാപക പ്രതിഷേധവും ഉയര്‍ന്നു. പ്രതിയുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് ബലാത്സംഗത്തിന് ഇരയായ യുവതി പ്രതികരിക്കുകയും ചെയ്തു.
2008 ല്‍ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബലാത്സംഗം നടക്കുന്ന സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. ഇവര്‍ പിന്നീട് ഒരു കുഞ്ഞിന് ജന്മം നല്‍കി. മാതാപിതാക്കള്‍ മരിച്ചതിനെ തുടര്‍ന്ന് ഒറ്റയ്ക്ക് കഴിയുകയാണ് യുവതി. കേസില്‍ എഴു വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് പ്രതിക്ക് ലഭിച്ചിരുന്ന ശിക്ഷ.