സ്വര്‍ണകടത്തില്‍ ഐറിഷുകാരന്‍ പിടിയിലായ സംഭവം..വെള്ളക്കാരന്‍ ആയതിനാല്‍ ചെക്കിങ് കുറവെന്ന് കരുതിയെന്ന് സംശയം

കൊച്ചി: ഐറിഷു സ്വദേശിയെ സ്വര്‍ണകടത്തിന് പിടിച്ചതോടെ വിദേശ മലയാളികള്‍ക്ക്‌നേരെയും അന്വേഷണം വന്നേക്കും. ഇന്നലെ രാത്രിയാണ് നെടുമ്പാശ്‌ശേരി വിമാനത്താവളത്തില്‍ നിന്ന് പത്തു കിലോ സ്വര്‍ണവുമായി എഡ്വിന്‍ ആന്‍ഡ്രൂസ് മറ്റാര്‍ക്കോ എന്ന ഐറിഷുകാരന്‍ പിടിക്കപ്പെട്ടത്.

ഗ്രീന്‍ ചാനലിലൂടെ പുറത്തു കടന്ന ഇയാളെ എക്‌സിറ്റിനടുത്ത് വെച്ച് ഇന്റലിജന്‌സുകാരാണ് നടപ്പില്‍ സംശയം തോന്നി പിടി കൂടിയത്. ജാക്കറ്റില്‍ നിരവധി അറകള്‍ ഉണ്ടാക്കി ഓരോ അറയിലും സ്വര്‍ണം ഒളിപ്പിച്ചു വെച്ചിരിക്കുകയായിരുന്നു. വെള്ളക്കാരന്‍ ആയതിനാല്‍ പരിശോധന നടത്തുന്നത് കുറവായിരിക്കും എന്ന ധാരണയിലാണ് ഇയാളെ ഉപയോഗിച്ചിരിക്കുന്നതെന്ന് കരുതുന്നുണ്ട്. സമീപകാലത്തായി സ്വര്‍ണവേട്ട ശക്തമാക്കിയത് മലയാളികളായ സ്വര്‍ണകടത്ത് കാരെ കുഴപ്പത്തിലാക്കിയിരുന്നു. ഈ സംഭവത്തില്‍ അവസാന നിമിഷത്തിലായിരുന്നു പിടിക്കപ്പെട്ടതും. ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വര്‍ണകടത്തുകാര്‍ ഇത് ആദ്യമായല്ല വെള്ളക്കാരെ ഉപയോഗിച്ച് സ്വര്‍ണം കടത്തുന്നതെന്ന് കരുതുന്നു. ചോദ്യം ചെയ്യലില്‍ കേരളം അടക്കം ഇന്ത്യയിലെ മറ്റു വിമാനത്താവളങ്ങളിലേയ്ക്ക് ഇയാള്‍ പല തവണ യാത്ര ചെയ്തിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്.

രണ്ടു വര്‍ഷത്തിനകം ആകെ 547.324 കി.ഗ്രാം സ്വര്‍ണ്ണമാണ് കേരളത്തിലെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് പിടിച്ചെടുത്തിട്ടുള്ളത്. 432 പേരെയാണ് പിടികൂടിയത്. പടിച്ചെടുത്തതില്‍ 299.985 കി.ഗ്രാം സ്വര്‍ണ്ണവും കരിപ്പൂരില്‍ നിന്നാണ്. എന്നാല്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ കൂടുതലും നെടുമ്പാശ്ശേറിയില്‍ നിന്നാണ്. തിരുവനന്തപുരം വിമാനത്താവളത്തില്‍ 51.38ഗ്രാം സ്വര്‍ണ്ണത്തോടൊപ്പം 32 പേരെയും പിടിച്ചു. സ്വര്‍ണകടത്തില്‍ പിടിച്ചെടുത്തിനേക്കാള്‍ അധികമാണ് കടത്തികൊണ്ട് പോയിട്ടുള്ളത് പ്രതികളുടെ മൊഴികളില്‍ നിന്ന് ആയിരത്തിലേറെ കിലോഗ്രാം സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. സമീപകാലത്തായി കേരളത്തില്‍ സ്വര്‍ണവേട്ട ശക്തമായതോടെ മുന്‍പില്ലാത്ത വിധത്തില്‍ പ്രതികളും പിടിക്കപ്പെടുകയാണ്.

Share this news

Leave a Reply

%d bloggers like this: