വിജയവാഡ: ആന്ധ്ര സര്‍ക്കാര്‍ സംഘടിപ്പിച്ച ഗോദാവരി പുഷ്കരം ചടങ്ങിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 27 ആയി. ഇതില്‍ ഏറെയും സ്ത്രീകളാണ്. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് കരുതുന്നത്.
രാജമുന്ധ്രിയില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ നടന്ന ഗോദാവരി നദിയെ വന്ദിക്കുന്ന ചടങ്ങില്‍ സ്നാനഘട്ടങ്ങളില്‍ എത്താനായി ജനങ്ങള്‍ തിരക്ക് കൂട്ടിയതാണ് ദുരന്തത്തില്‍ കലാശിച്ചത്. കൊട്ടഗുമ്മം പുഷ്കര്‍ സ്നാനഘട്ടത്തിലാണ് അപകടമുണ്ടായത്.
കുംഭമേളയ്ക്ക് സമാനമായി പന്ത്രണ്ട് വര്‍ഷം കൂടുമ്പോഴാണ് ഗോദാവരി പുഷ്കരം ചടങ്ങ് നടക്കുന്നത്. ഇത്തവണത്തേത് 144 വര്‍ഷത്തിനുശേഷം നടക്കുന്ന മഹാ ഗോദാവരി പുഷ്കരം ചടങ്ങായിരുന്നു. ആന്ധ്രാ വിഭജനത്തിനുശേഷം നടക്കുന്ന ആദ്യ ഗോദാവരി പുഷ്കരം ചടങ്ങായതിനാല്‍ ആന്ധ്ര സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ ചിലവിട്ട് ആര്‍ഭാടമായാണ് മഹോത്സവം സംഘടിപ്പിക്കുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ ഈ ദിവസങ്ങളില്‍ ഗോദാവരി നദിയില്‍ പുണ്യസ്നാനം ചെയ്യാന്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു എന്നിവര്‍ കാലത്ത് തന്നെ സ്നാനം നടത്തി. പുണ്യസ്നാനത്തിന് ശേഷം ശംഖ് മുഴക്കി ചന്ദ്രബാബു നായിഡുവാണ് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ധര്‍മപുരിയിലെ കരിംനഗറിലാണ് ചന്ദ്രശേഖര റാവു സ്നാനം നടത്തിയത്.