ഡബ്ലിന്‍: കേസുകളില്‍ ഇരകളായി കഴിയുന്നവര്‍ക്ക് തങ്ങളുടെ കേസുകളെപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ അവകാശം നല്‍കുന്ന നിയമവുമായി ഐറിഷ് സര്‍ക്കാര്‍. പുതിയ നിയമത്തില്‍ കേസില്‍ ഇരകളാകുന്നവര്‍ക്കു കേസ് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ഗാര്‍ഡ, ജയില്‍ സര്‍വീസ്, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ എന്നിവിടങ്ങളില്‍ നിന്നു ശേഖരിക്കാനുള്ള അവകാശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍ ആക്ട് പ്രകാരമാണ് വിവരങ്ങള്‍ ശേഖരിക്കാനുള്ള അവകാശം നല്‍കിയിരിക്കുന്നത്.
ക്രിമിനല്‍ ജസ്റ്റിസ്(വിക്ടിം ഓഫ് ക്രൈം)ബില്‍ 2015 ലെ പൊതു മാനദണ്ഡങ്ങള്‍ നീതിന്യായവകുപ്പ്മന്ത്രി ഫ്രാന്‍സിസ് ഫിറ്റ്‌ജെറാള്‍ഡ് ഇന്നലെ പ്രസിദ്ധീകരിച്ചു. പുതിയ നിയമപ്രകാരം കേസിലെ ഇരകള്‍ക്ക് തങ്ങളുടെ കേസുകളില്‍ സംശയിക്കപ്പെടുന്നവര്‍, പ്രതി ചേര്‍ക്കപ്പെടുന്നവര്‍ എന്നിവര്‍ ആരൊക്കെ എന്ന് ഇന്‍ഫര്‍മേഷന്‍ ആക്ടിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്താനും കേസുകള്‍ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ശേഖരിക്കാനും ഇവ ഉപയോഗിച്ചു കേസില്‍ വാദം പൂര്‍ത്തിയാക്കാനും സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
കേസില്‍ ഇരകളാക്കപ്പെടുന്നവര്‍ക്കു പ്രിസണ്‍ വകുപ്പില്‍ നിന്നും, ഗാര്‍ഡായിയില്‍ നിന്നും, പ്രോസിക്യൂഷനില്‍ നിന്നു തങ്ങളുടെ കേസിന്റെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ കഴിയും. തങ്ങളുടെ കേസുകളിലെ പ്രതികള്‍ ഇപ്പോള്‍ ജയിലിലാണോ, ജാമ്യത്തിലാണോ, ജയില്‍ ചാടിയോ തുടങ്ങിയ വിവരങ്ങളും ഇന്‍ഫര്‍മേഷന്‍ ആക്ട് പ്രകാരം ശേഖരിക്കാന്‍ സാധിക്കും.