തദ്ദേശഭരണ തെരഞ്ഞെടുപ്പ്; പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ടവകാശം അനുവദിക്കും

 

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിര!ഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ടവകാശം അനുവദിക്കാമെന്നു മന്ത്രിസഭായോഗ തീരുമാനം . ഈ തീരുമാനം സര്‍ക്കാര്‍ ശുപാര്‍ശയായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിക്കും. പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ടവകാശം നല്‍കാമെന്ന് സര്‍വകക്ഷിയോഗവും തീരുമാനമെടുത്തിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഓണ്‍ലൈന്‍ വോട്ട് അംഗീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സംസ്ഥാന മന്ത്രിസഭ ശുപാര്‍ശ ചെയ്യും. പ്രവാസികള്‍ക്ക് വോട്ടിംഗ് അവകാശം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പ്രവാസികള്‍ക്ക് ഇ-വോട്ട് ഏര്‍പ്പെടുത്താമെന്ന് ശുപാര്‍ശ ചെയ്യാമെന്ന് മന്ത്രിസഭാ യോഗം തിരൂമാനിച്ചത്.

പ്രവാസികള്‍ക്ക് വോട്ടവകാശം ഏര്‍പ്പെടുത്തണമെന്ന കമ്മീഷന്റെ നിര്‍ദ്ദേശം അംഗീകരിക്കാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനച്ചിരുന്നെങ്കിലും ഏത് വിധത്തിലുള്ള വോട്ടിംഗാണ് ഏര്‍പ്പെടുത്തേണ്ടത് എന്ന കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇത് പരിഹരിക്കുന്നതിനായി സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ എല്ലാ പാര്‍ട്ടികളുടെയും അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ ഇ-വോട്ടിന് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗത്തില്‍ ധാരണയായിരിക്കുന്നത്.

പ്രവാസി വോട്ട് സംബന്ധിച്ച പ്രധാനകാര്യങ്ങള്‍

1. 24 ലക്ഷത്തോളമാണ് സംസ്ഥാനത്തുനിന്നുള്ള പ്രവാസികളുടെ എണ്ണമെന്ന് സിഡിഎസ് നടത്തിയ ഏറ്റവും ഒടുവിലത്തെ സര്‍വ്വെയിലെ കണക്ക്. ഇവരില്‍ എല്ലാവരും വോട്ടവകാശം ഉള്ളവരാകില്ല. എങ്കിലും 2.43 കോടി വോട്ടര്‍മാരുള്ള ചെറിയ വോട്ടുകള്‍ ഫലം നിശ്ചയിക്കുന്ന തദ്ദേശവാര്‍ഡുകളുടെ കാര്യത്തില്‍ കേരളത്തില്‍ പ്രവാസി വോട്ടുകളുടെ എണ്ണം നിര്‍ണായകമാകും.

2. പ്രവാസികള്‍ക്ക് വോട്ടവകാശം കേന്ദ്രസര്‍ക്കാരും സുപ്രിംകോടതിയും അംഗീകരിച്ചിട്ടുണ്ട്. തദ്ദേശഭരണസ്ഥാപന വകുപ്പില്‍ ഇതനുസരിച്ച് ഭേദഗതിയും വരുത്തി. ചട്ടങ്ങള്‍ കൂടി ഇനി ഭേദഗതി വരുത്തണം. തെരഞ്ഞെടുപ്പിന് മുമ്പ് അത് പൂര്‍ത്തിയാക്കാനാകും. പ്രോക്‌സി വോട്ട്, ഇ വോട്ട് എന്നീ രണ്ട് നിര്‍ദേശങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടുവെച്ചിരുന്നത്. ഇതില്‍ ഇവോട്ടിനായാണ് മന്ത്രിസഭ ശുപാര്‍ശ ചെയ്യുന്നത്. പ്രോക്‌സി വോട്ട് ഏര്‍പ്പെടുത്തുന്നതിനോട് ഭൂരിഭാഗം രാഷ്ട്രീയപാര്‍ട്ടികള്‍ക്കും എതിര്‍പ്പായിരുന്നു. ഇ-വോട്ടിനോട് പ്രതിപക്ഷം നേരത്തെ എതിര്‍പ്പ് അറിയിച്ചിരുന്നു. പകരക്കാരനെ ചുമതലപ്പെടുത്തി വോട്ട് രേഖപ്പെടുത്തുന്നതാണ് പ്രോക്‌സി വോട്ട്. ഓണ്‍ലൈന്‍ വഴി പ്രവാസികള്‍ക്ക് അവിടെ നിന്നുതന്നെ വോട്ട് രേഖപ്പെടുത്താന്‍ കഴിയുന്നതാണ് ഇ വോട്ട്.

4. ഇ-വോട്ടിന്റെ പ്രായോഗികതയില്‍ പ്രതിപക്ഷത്തിന് ആശങ്ക. പ്രതിപക്ഷ വാദം ഇങ്ങനെ: പ്രവാസി വോട്ടവകാശം ന്യായം. അത് മറ്റുള്ളവര്‍ ചെയ്യരുത്. അത് ദുരുപയോഗമാകും. കള്ളവോട്ട് വ്യാപകമാകാന്‍ പ്രോക്‌സി വോട്ട് സമ്പ്രദായം ഇടയാക്കും. ഇ-വോട്ടിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിശോധിക്കണം. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന സാധാരണക്കാര്‍ക്ക് കംപ്യൂട്ടര്‍ ഉപയോഗിക്കാനുള്ള അറിവ് ഉണ്ടാകണമെന്നില്ല. അവര്‍ക്ക് മറ്റുള്ളവരുടെ സഹായത്തോടെ മാത്രമേ വോട്ട് രേഖപ്പെടുത്താന്‍ സാധിക്കൂ. അത് വോട്ടിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടുത്തും. മൊബൈല്‍ ഫോണ്‍ വഴിയും ഇ-വോട്ട് ചെയ്യാനുള്ള സാങ്കേതികവിദ്യ ലഭ്യമാണെന്ന് സര്‍ക്കാര്‍. എങ്കിലും ഏങ്ങനെ വോട്ടുരേഖപ്പെടുത്തുമെന്നും രഹസ്യസ്വഭാവം നിലനിര്‍ത്താനാകുമോ എന്നകാര്യത്തിലും വ്യക്തതയില്ല.

5. ഇ-വോട്ട് സാധ്യമാകുന്നതിന് നടപടിക്രമങ്ങളുണ്ട്. പാസ്‌പോര്‍ട്ട് രേഖ ഉപയോഗിച്ച് പ്രാവാസികള്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്താം. പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക കോഡ് നമ്പര്‍ നല്‍കും. ഈ കോഡ് ഉപയോഗിച്ചുവേണം വോട്ട് രേഖപ്പെടുത്താനായി വെബ് സൈറ്റില്‍ പ്രവേശിക്കേണ്ടത്. വോട്ടര്‍പട്ടികയില്‍ പേരുണ്ടെങ്കില്‍ ഏതുരാജ്യത്തുനിന്നും വോട്ട് രേഖപ്പെടുത്താം.

-എജെ-

Share this news

Leave a Reply

%d bloggers like this: