ന്യൂഡല്‍ഹി: രാജ്യത്ത് ഇന്റര്‍നെറ്റ് നിഷ്പക്ഷത ഉറപ്പാക്കണമെന്നു കേന്ദ്ര ടെലികോം മന്ത്രാലയം. നെറ്റ് ന്യൂട്രാലിറ്റി റദ്ദാക്കണമെന്ന ടെലികോം കമ്പനികളുടെ ആവശ്യം തള്ളിക്കൊണ്ടാണു ടെലികോം മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. നിയമവിധേയമായി നെറ്റ് ഉപയോഗിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തരുതെന്നും രാജ്യത്ത് ഇന്റര്‍നെറ്റ് സൗജന്യമാക്കുകയാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തരുത്. സേവനദാതാക്കള്‍ക്കുള്ള ലൈസന്‍സ് നിബന്ധനകളില്‍ നെറ്റ് സമത്വവും ഉള്‍പെടുത്തണമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ സേവനം കവര്‍ന്നെടുക്കാനാണു ടെലികോം കമ്പനികളുടെ ശ്രമമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
നേരത്തേ, ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍നിന്നു കൂടുതല്‍ പണം ഈടാക്കാനുള്ള ടെലികോം കമ്പനികളുടെ ആവശ്യത്തെക്കുറിച്ച്് നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം നല്‍കിയിരുന്നു. ലക്ഷക്കണക്കിനു പേരാണ് ഇന്റര്‍നെറ്റ് നിഷ്പക്ഷത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളും ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളും ഉപയോഗിക്കുന്നതിനായി പ്രത്യേകം ചാര്‍ജ് ഈടാക്കണമെന്നായിരുന്നു ടെലികോം കമ്പനികളുടെ ആവശ്യം.
-എജെ-