പ്രകോപനം തുടര്‍ന്നാല്‍ പാകിസ്ഥാന് തിരിച്ചടിയെന്ന് ഇന്ത്യ

ഡല്‍ഹി: അതിര്‍ത്തിയില്‍ പ്രകോപനമുണ്ടാക്കിയ പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കിയെന്ന് ഇന്ത്യ വ്യക്തമാക്കി. പ്രകോപനം തുടര്‍ന്നാല്‍ അത് നേരിടുമെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കി. അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വെടിവെച്ചിട്ട ആളില്ലാ വിമാനം ഇന്ത്യയുടേതല്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യമന്ത്രി സുഷമാസ്വരാജ്, പ്രതിരോധ മന്ത്രി മനോഹര്‍ പരീഖര്‍ എന്നിവര്‍ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പാകിസ്താന്റെ ഭാഗത്തുനിന്ന് ഇനി പ്രകോപമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും യോഗത്തില്‍ പങ്കെടുത്തു.

പാകിസ്താന്റെ ഭാഗത്തുനിന്ന് ഇനി പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി എസ് ജയ്ശങ്കര്‍ മുന്നറിയിപ്പ് നല്‍കി. പാകിസ്താന്‍ പ്രകോപനം അവസാനിപ്പിക്കണമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പാക് സ്ഥാനപതിയോട് ഇന്നലെ രണ്ടുതവണ ആവശ്യപ്പെട്ടശേഷവും പാകിസ്താന്‍ അതിന് തയ്യാറാവാതെ വെടിവെപ്പ് തുടര്‍ന്നതായി വിദേശ കാര്യ സെക്രട്ടറി പറഞ്ഞു.

പാക് വെടിവെപ്പില്‍ ഇന്ത്യക്കാരി കൊല്ലപ്പെട്ടതില്‍ പാക് സ്ഥാനപതിയെ വിളിച്ച് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യയുടെ ഡ്രോണ്‍ വിമാനമാണ് തങ്ങള്‍ വെടിവെച്ചിട്ടതെന്ന് അവകാശപ്പെട്ട് പാകിസ്താനെ ഇന്ത്യന്‍ സ്ഥാനപതിയെ പാകിസ്താനും വിളിച്ചുവരുത്തുകയുണ്ടായി. പാകിസ്താന്‍ വെടിവെച്ചിട്ട ഡ്രോണ്‍ ഇന്ത്യയുടേതല്ലെന്നും വിദേശാകര്യ സെക്രട്ടറി വ്യക്തമാക്കി. ഇന്ത്യയുടെ ഡ്രോണ്‍ തങ്ങള്‍ വെടിവെച്ചിട്ടുവെന്നാണ് പാകിസ്താന്റെ അവകാശവാദം.

പഞ്ചാബ് പ്രവിശ്യയിലെ പാക്കിസ്താന്‍ പൊലീസ് ഹൈവേ പെട്രോളിങ്ങിനായി ഇത്തരം ഡ്രോണുകള്‍ ഉപയോഗിക്കാറെന്നും ഇന്ത്യ ഇത്തരം വിമാനങ്ങള്‍ ഉപയോഗിക്കാറില്ലെന്നും രഹസ്യാന്വോഷണ വിഭാഗം പറയുന്നു. വ്യോമാതിര്‍ത്തി ലംഘിച്ച് വന്ന ഇന്ത്യയുടെ ഡ്രോണ്‍ ആണ് വെടിവച്ചു വീഴ്ത്തിയതെന്നും ക്യാമറ ഘടിപ്പിച്ച ഡ്രോണ്‍ ആണ് അതിര്‍ത്തി കടന്ന് വന്നതെന്നും പാകിസ്താന്‍ ആരോപിക്കുന്നു. ആകാശ ചിത്രങ്ങള്‍ എടുക്കാനാണ് ഇത്തരം ഡ്രോണുകള്‍ ഉപയോഗിക്കുന്നതെന്നും പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കശ്മീര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് കശ്മീര്‍ മേഖലയിലും ഇന്ത്യാപാക് അതിര്‍ത്തിയിലും സംഘര്‍ഷം രൂപപ്പെട്ടിട്ടുള്ളത്.
-എജെ-

Share this news

Leave a Reply

%d bloggers like this: