പശുവിന്റെ ഹൃദയവാല്‍വ് വച്ച് വൃദ്ധയെ രക്ഷപ്പെടുത്തി

 

ചെന്നൈ: ഇന്ത്യന്‍ വൈദ്യശാസ്ത്രത്തിന് മറ്റൊരു അപൂര്‍വ നേട്ടം കൂടി. 81 വയസുകാരിയായ വൃദ്ധയ്ക്കു പശുവിന്റെ ഹൃദയവാല്‍വ് വച്ചുള്ള ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് അപൂര്‍വ ശസ്ത്രക്രിയ നടന്നത്. നാലംഗ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം മൂന്നു മണിക്കൂര്‍ സമയമെടുത്താണ് പശുവിന്റെ ഹൃദയവാല്‍വ് വൃദ്ധയ്ക്കു വച്ചുപിടിപ്പിച്ചത്.

11 വര്‍ഷം മുന്‍പ് ഹൃദയത്തിന്റെ വാല്‍വ് മാറ്റിവച്ച വൃദ്ധയ്ക്കുതന്നെയാണു വീണ്ടും ശസ്ത്രക്രിയ വേണ്ടിവന്നത്. ആദ്യം മാറ്റിവച്ച വാല്‍വ് ചുരുങ്ങി ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുമെന്ന ഘട്ടത്തിലാണു പശുവിന്റെ ഹൃദയവാല്‍വ് ഉപയോഗിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരായത്.

സ്തനാര്‍ബുദത്തിനു രണ്ടു വര്‍ഷമായി വൃദ്ധ ചികിത്സ തേടുന്നുണ്ടായിരുന്നു. അതിനാല്‍ ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ശ്രമകരമായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. റേഡിയേഷന്‍ ചികിത്സ തുടരുന്ന വൃദ്ധ സുഖം പ്രാപിച്ചു വരുന്നുവെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. ഇവരെ വാര്‍ഡിലേക്കു മാറ്റിയിട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: